സി പി എം സംസ്ഥാനസമിതിയില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഇന്ന് പങ്കെടുക്കും. സംസ്ഥാനസമിതിയില്‍ പങ്കെടുക്കാന്‍ നേതൃത്വം ക്ഷണിച്ചതിനെ തുടര്‍ന്നാണ് ഇത്. സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിക്കുന്നതിനായാണ് ഇന്ന് സംസ്ഥാനസമിതി ചേരുന്നത്.
ആലപ്പുഴ സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്ത സംസ്ഥാനസമിതിയില്‍ വി എസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വി എസിനെ സംസ്ഥാനസമിതി യോഗത്തിലേക്ക് നേതൃത്വം പ്രത്യേകമായി ക്ഷണിച്ചിരിക്കുന്നത്.
നേരത്തെ, സംസ്ഥാനസമ്മേളനത്തിനു ശേഷം ചേര്‍ന്ന ആദ്യയോഗത്തിലേക്ക് വി എസിനെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇന്നു ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ വി എസ് പങ്കെടുക്കും.
വിശാഖപട്ടണത്തു നടന്ന പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് രൂപവത്കരണത്തിനായി ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള എന്നിവരും പങ്കെടുക്കും. നിര്‍ണായകഘട്ടങ്ങളില്‍ വി എസിനെ പിന്തുണച്ചിട്ടുള്ള ആളാണ് പുതിയ സെക്രട്ടറി യെച്ചൂരി.