സിവില്‍സപ്ലൈസ്: സി.ബി.ഐ അന്വേഷണം തുടങ്ങി

Webdunia
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷണം തുടങ്ങി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സി.ബി.ഐയുടെ കൊച്ചി യൂണിറ്റാണ് അന്വേഷണം തുടങ്ങിയത്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ 1995 മുതലുള്ള പത്ത് വര്‍ഷത്തെ ഇടപാടുകളാണ് സി.ബി.ഐയുടെ അന്വേഷണപരിധിയിലുള്ളത്. സാധനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടുകള്‍, ഗുണനിലവാരം കുറഞ്ഞ സാധങ്ങള്‍ വാങ്ങിയത്, ടെണ്ടറിലെ തിരിമറികള്‍ തുടങ്ങിയവയാണ് അന്വേഷണ വിധേയമാക്കുന്നത്.

കോര്‍പ്പറേഷന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവച്ച ഇടപാടുകളില്‍ സി.ബി.ഐ കഴിഞ്ഞയാഴ്ചയാണ് അന്വേഷണം തുടങ്ങിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമുള്ള ഫയല്‍ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.

ഫയല്‍ പരിശോധനയ്ക്ക് ശേഷം ഉടന്‍ തന്നെ ഇടനിലക്കാരടക്കമുള്ളവരെ ചോദ്യം ചെയ്യുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. ഇടപാടുകള്‍ നടന്ന കാലയളവിലെ ഭക്‍ഷ്യമന്ത്രിമാര്‍ വരെ ഈ കേസുകളില്‍ ആരോപണവിധേയരായിരുന്നു.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ ഇടപാടുകളില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി വിവിധ അന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിലും കോടികളുടെ അഴിമതിയാണ് കണ്ടെത്തിയത്.

സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടും അന്വേഷണം തുടങ്ങാത്തതിനാല്‍ ഹൈക്കോടതി ഇടപെട്ടത് മൂലമാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.