സിറാജിന്‍റെ പ്രസ്താവന പാര്‍ട്ടിനിലപാട് അല്ല: ഗഫൂര്‍ പുതുപ്പാടി

Webdunia
വെള്ളി, 29 ഒക്‌ടോബര്‍ 2010 (17:12 IST)
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മദനിയെ സ്നേഹിക്കുന്നവരുടെ വോട്ട് യു ഡി എഫിന് ലഭിച്ചെന്ന പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്‍റെ പ്രസ്താവനയ്ക്ക് എതിരെ പി ഡി പി നേതാവ് ഗഫൂര്‍ പുതുപ്പാടി. സിറാ‍ജിന്‍റെ പ്രസ്താവന പാര്‍ട്ടി നിലപാട് അല്ലെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിന്‌ വോട്ടുചെയ്യാനോ ഇത്തരമൊരു നിലപാടു സ്വീകരിക്കാനോ പി ഡി പി തീരുമാനിച്ചിട്ടില്ലെന്നും ഗഫൂര്‍ പുതുപ്പാടി വ്യക്തമാക്കി.

അബ്ദുല്‍ നാസര്‍ മദനിയെ സ്‌നേഹിക്കുന്നവരും പി ഡി പി അനുഭാവികളും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനാണ് വോട്ടു ചെയ്തതെന്ന് പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഇന്ന് കൊല്ലത്ത് പറഞ്ഞിരുന്നു. യു ഡി എഫ് നേതൃത്വം ഇക്കാര്യം അംഗീകരിച്ചില്ലെങ്കിലും യാഥാര്‍ത്ഥ്യം അതാണെന്നും സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

മുസ്ലീംലീഗുമായി സഹകരിക്കാവുന്ന മേഖലകളില്‍ സഹകരിക്കുമെന്ന്‌ പി ഡി പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ പറഞ്ഞിരുന്നു. മദനിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുമ്പ് കൈക്കൊണ്ട സമീപനം പോലും വി എസ് അച്യുതാനന്ദന്‍റെ ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയം ഉണ്ടായത് പി ഡി പിയുമായി വേദി പങ്കിട്ടതു കൊണ്ടാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ വന്ന തെരഞ്ഞെടുപ്പ് ഫലം മുന്നില്‍ വെച്ച് അത് തെറ്റായിപ്പോയെന്ന് പരസ്യമായി സമ്മതിക്കണമെന്നും സിറാജ് ആവശ്യപ്പെട്ടിരുന്നു.