മുതിര്‍ന്ന സിപിഐ നേതാവ് വെളിയം ഭാര്‍ഗവന്‍(85) അന്തരിച്ചു. 12 വര്‍ഷം സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു. ശ്വാസകോശ രോഗത്തെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
1928- ല്‍ കൊല്ലത്തെ വെളിയത്ത് ജനനം. 1949ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. ബി.എ ബിരുദധാരിയായ വെളിയം 1950 മുതല്‍ 52 വരെ എ.ഐ.എസ്.എഫിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്നു. 1957ലും 60 ലും ചടയമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടു.
പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എംഎന്‍ ഗോവിന്ദന്‍ നായര്‍, ടി.വി തോമസ്, ആര്‍സുഗതന്‍ എന്നിവരോടൊപ്പം വെളിയവും സിപിഐയില്‍ ഉറച്ച് നിന്നു. 1998ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി പാര്‍ട്ടി സെക്രട്ടറിയായത്. 1984 മുതല്‍ 1998 വരെ പാര്‍ട്ടി അസ്റ്റിസ്റ്റന്‍റ് സെക്രട്ടറിയായിരുന്നു.
1971- ല്‍ ദേശീയ കൌണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2010 നവംബര്‍ 14-വരെ സംസ്ഥാന സെക്രട്ടറിയയി പ്രവര്‍ത്തിച്ചിരുന്നു. അനാരോഗ്യം മൂലം തന്നെ ഒഴിവാക്കണമെന്ന് വെളിയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനം സികെ ചന്ദ്രപ്പന് നല്‍കിയത്. സംസ്കൃതവും പുരാണങ്ങളും ഇതിഹാസങ്ങളും മനപാഠമാക്കിയ അപൂര്‍വ്വ കമ്യൂണിസ്റ്റുകാരനായിരുന്നു വെളിയം. ഹെഡ്മിട്രസ് ആയി വിരമിച്ച സുനീതയാണ് ഭാര്യ.