സിപിഎം സംസ്ഥാനസമിതി അവസാനിച്ചു

Webdunia
വ്യാഴം, 28 മെയ് 2009 (14:59 IST)
ലോക്സഭാ‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സി പി എം സംസ്ഥാന സമിതി യോഗം അവസാനിച്ചു. സംസ്ഥാന സമിതി തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിന്‌ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വൈകുന്നേരം 3.30ന്‌ വാര്‍ത്താലേഖകരെ കാണും.

തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍, വി എസ് പലപ്പോഴായി സ്വീകരിച്ച പാര്‍ട്ടി വിരുദ്ധനിലപാടുകള്‍ പരാജയത്തിനു കാരണമായെന്ന് പറയുന്നതായാണ് സൂചനകള്‍. പ്രധാനമായും, ലാവ്‌ലിന്‍ കേസില്‍ വി എസ് സ്വീകരിച്ച നിലപാടിനെതിരെയാണ് വിമര്‍ശനം.

സംസ്ഥാന സമിതിയില്‍ ആദ്യന്തം മുഖ്യമന്ത്രി വി എസ് അച്യുതാന്ദനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഔദ്യോഗിക പക്ഷം ഉയര്‍ത്തിയത്. എന്നാല്‍, പതിവില്‍ നിന്നു വിപരീതമായി വി എസ് പക്ഷത്തുള്ളവര്‍ ഔദ്യോഗിക പക്ഷത്തിനെതിരെ ശക്തമായ നിലപാടുകളുമായി ഇത്തവണ രംഗത്തു വന്നിരുന്നു.

ലാവ്‌ലിന്‍ കേസിലും, പി ഡി പി ബന്ധത്തിലും മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളും, പാര്‍ട്ടിക്ക് അതീതമായി മാധ്യമങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി വ്യത്യസ്ത അഭിപ്രായം സ്വീകരിക്കുന്നതും കടുത്ത വിമര്‍ശനത്തിന് ഇടയാക്കി.

അതേസമയം, തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി തര്‍ക്കം ഉണ്ടായത്, ലാവ്‌ലിന്‍ കേസില്‍ സ്വീകരിച്ച നിലപാട്, പി ഡി പി ബന്ധം എന്നിവയുടെ പേരില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ വി എസ് പക്ഷവും രംഗത്തെത്തി.