സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്. വോട്ടെടുപ്പ് കഴിയുന്നതു വരെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. ജീവനക്കാരുടെ ലീവ് സറണ്ടര്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടെന്നാണ് ഉത്തരവിലുള്ളത്.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ആനൂകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കില്ലെന്നും ധനമന്ത്രി കെ എം മാണി ഉറപ്പുനല്‍കുന്ന സാഹചര്യത്തിലാണ് ഈ അവസ്ഥ എന്നതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 10 വരെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ചയാണ് ധനവകുപ്പ് പുറത്തിറക്കിയത്.
ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷനുകള്‍, തെരഞ്ഞെടുപ്പ് ചെലവുകള്‍, സ്‌കൂളുകളിലെ ഉച്ചഭക്ഷണം, വിപണി ഇടപെടല്‍, തൊഴിലില്ലായ്മ വേതനം, എന്‍ഡോസള്‍ഫാന്‍ പാക്കേജ് തുടങ്ങിയവയ്ക്ക് പണം അനുവദിക്കാം. എന്നാല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമ്പോള്‍ അതോടൊപ്പം അനുവദിക്കേണ്ട ലീവ് സറണ്ടര്‍ നല്‍കാന്‍ പാടില്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
പിഎഫ്, പിഎഫ് അക്കൗണ്ട് വഴിയുള്ള വായ്പ തുടങ്ങിയവയ്ക്കും നിയന്ത്രണമുണ്ടാകും. സര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് ഇടതുസംഘടനകളുടെ തീരുമാനം.