സരിതയ്ക്ക് വോട്ട് ചെയ്യാനായില്ല!

Webdunia
വ്യാഴം, 10 ഏപ്രില്‍ 2014 (19:25 IST)
PRO
രണ്ടുമുന്നണികളെയും മുള്‍മുനയില്‍ നിര്‍ത്തി ഈ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഏറ്റവും വലിയ ആകര്‍ഷണ കേന്ദ്രമായ സരിത എസ് നായര്‍ക്ക് വോട്ട് ചെയ്യാനായില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ല എന്നതായിരുന്നു സരിതയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നതിന് കാരണം.

ചെങ്ങന്നൂര്‍ ജെബിഎസ്‌ യു പി സ്‌കൂളിലായിരുന്നു സരിത വോട്ട് ചെയ്യാനെത്തിയത്. സരിത വോട്ട് ചെയ്യാനെത്തിയതോടെ മാധ്യമപ്രവര്‍ത്തകരും ചുറ്റും കൂടി. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നറിഞ്ഞ് വോട്ട് ചെയ്യാനാകാതെ തിരിച്ചുപോകും മുമ്പ് മാധ്യമപ്രവര്‍ത്തകരോട് പതിവുപോലെ ചില വെളിപ്പെടുത്തലുകള്‍ നടത്തി. പിന്നീട് പെട്ടെന്ന് മടങ്ങിപ്പോകുകയും ചെയ്തു.

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും വോട്ട് ചെയ്യാനായില്ല. നടി മഞ്ജു വാര്യരും വോട്ട് ചെയ്തില്ല. ആലുവയിലായിരുന്നു മഞ്ജുവിന് നേരത്തേ വോട്ട്. എന്നാല്‍ അത് പിന്നീട് മാറ്റിയിരുന്നു. എന്നാല്‍ ദിലീപ് ആലുവ പാലസിനടുത്തുള്ള നാഷനല്‍ ഹൈവേ ഓഫിസിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

സുരേഷ്ഗോപി വോട്ട് ചെയ്ത ശേഷം മടങ്ങിയെത്തി മാധ്യമപ്രവര്‍ത്തകരോട് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചശേഷം മടങ്ങിപ്പോയി. ദുബായിലെ വിവിധ പരിപാടികളുടെ തിരക്കില്‍ നിന്ന് വോട്ട് ചെയ്യാനായി ശാസ്തംഗലത്തെത്തിയതായിരുന്നു സുരേഷ്ഗോപി.

ഇന്നസെന്‍റ് താന്‍ പഠിച്ച ഇരിങ്ങാലക്കുടയിലെ സ്കൂളിലാണ് വോട്ട് ചെയ്തത്. ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയായ ഇന്നസെന്‍റിന് അവിടെ വോട്ടില്ലാത്തതില്‍ വിഷമമില്ലേ എന്ന് ചോദിച്ചപ്പോള്‍, ഒന്നോ രണ്ടോ വോട്ടിന് തോല്‍ക്കുകയാണെങ്കില്‍ അങ്ങ് തോല്‍ക്കട്ടെ എന്നായിരുന്നു ഇന്നസെന്‍റായ മറുപടി.