സോളാര്‍ കേസിലെ പ്രതി സരിത എസ് നായരും മന്ത്രിമാരടക്കമുള്ള ഉന്നതരും തമ്മിലുള്ള ബന്ധത്തിന്റെ ദൃശ്യങ്ങള്‍ അഭിഭാഷകന് കൈമാറിയിട്ടില്ലെന്ന് ബിജു രാധാകൃഷ്ണന്‍. ജയിലില്‍ നിന്നും മാധ്യമങ്ങള്‍ക്ക് അയച്ച 30 പേജുള്ള കത്തിലാണ് ബിജു ഇക്കാര്യം വ്യക്തമാക്കിയത്. ജേക്കബ് മാത്യു ദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ദൃശ്യങ്ങള്‍ അഭിഭാഷകന്റെ കൈവശമില്ലെന്നും കത്തില്‍ ബിജു വ്യക്തമാക്കി.
ദൃശ്യങ്ങള്‍ പകര്‍ത്തിയതും സിഡിയിലാക്കിയതും സരിത തന്നെയാണ്. സരിതയുമായി അടുപ്പമുള്ളവരാണ് തനിക്ക് ഈ ദൃശ്യങ്ങള്‍ കൈമാറിയത്. തനിക്ക് ആരെയും ബ്ലാക്ക്‌മെയില്‍ ചെയ്യേണ്ട ആവശ്യമില്ല. ജേക്കബ് മാത്യുവിന് ദൃശ്യങ്ങള്‍ കൈമാറണമെന്ന് കരുതിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ അഭിഭാഷകന്‍ പരിഭ്രമിച്ചു. ഇതു കാരണമാണ് കൈമാറാത്തതെന്നും ബിജു വിശദീകരിക്കുന്നു.
സരിതയുടെ 21 പേജുള്ള മൊഴി ഗണേഷിന്റെ കൈവശമുണ്ടെന്നും ബിജു ആരോപിച്ചു. ഈ മൊഴി ഗണേഷിന് എത്തിച്ചത് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ്. താനും ശാലു മേനോനുമായുള്ള ബന്ധമല്ല സരിതയുമായി തെറ്റാന്‍ കാരണം. ഗണേഷ്‌കുമാറും സരിതയുമായുള്ള ബന്ധമാണ് എല്ലാ തകര്‍ച്ചയ്ക്കും കാരണം. ശാലുമേനോനെതിരെ മൊഴി നല്‍കിയാല്‍ തനിക്ക് 10 ലക്ഷം രൂപ നല്‍കാമെന്ന് സരിത ഫെനി വഴിയും അല്ലാതെയും അറിയിച്ചതായും ബിജു കത്തില്‍ പറയുന്നു.