സരിതക്കേസ്: ഒത്തുതീര്‍പ്പിന് കോടികള്‍, എ പി അനില്‍കുമാറിന്‍റെ ശബ്ദരേഖ പുറത്ത്, ഏഷ്യാനെറ്റ് ഞെട്ടിക്കുന്നു!

Webdunia
വെള്ളി, 26 ജൂലൈ 2013 (18:46 IST)
PRO
സോളാര്‍ കേസില്‍ സരിതയുടെ മൊഴിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കായി കോടികളുടെ ഇടപാട് നടത്താനുള്ള നീക്കങ്ങള്‍ പൊളിയുന്നു. പണം കൊടുത്ത് സരിതയുമായി ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ് മന്ത്രിമാര്‍ ശ്രമിക്കുന്നതിന്‍റെ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. മന്ത്രി എ പി അനില്‍കുമാറിന്‍റെ ശബ്ദരേഖയാണ് ഇതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്.

സരിതയുടെ മൊഴിയില്‍ കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഉണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പണം നല്‍കി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ആരംഭിച്ചത് എന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മലപ്പുറത്തെ ഒരു വ്യവസായിയായ ഹംസ കസ്റ്റഡിയിലിരിക്കുന്ന പ്രതിയായ സരിതയുമായി ഇനിയും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന് വെളിപ്പെടുത്തുന്നതിന്‍റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. പ്രൈവറ്റ് ബസ് ഉടമകളുടെ സംസ്ഥാനതല ഭാരവാഹി കൂടിയാണ് ഹംസ.

ഈ പണമിടപാടില്‍ ബെന്നി ബെഹനാന്‍ എം എല്‍ എയും പങ്കാളിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഏഷ്യാനെറ്റ് പുറത്തുവിടുന്നത്. എ പി അനില്‍കുമാറിന്‍റെ ശബ്ദരേഖയില്‍ ‘ബെന്നിച്ചേട്ടന്‍’ എന്ന പരാമര്‍ശം വ്യക്തമാണ്.

മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെ പേഴ്സണല്‍ സ്റ്റാഫംഗം എന്ന നിലയില്‍ ചാനല്‍ പ്രതിനിധി മന്ത്രി അനില്‍കുമാറുമായി നടത്തിയ സംഭാഷണങ്ങളാണ് ഇപ്പോല്‍ പുറത്തുവന്നിട്ടുള്ളത്.

പൊലീസ് കസ്റ്റഡിയിലിരിക്കുന്ന പ്രതിയായ സരിതയുമായി ഇനിയും ഒത്തുതീര്‍പ്പ് സാധ്യമാണ് എന്ന വെളിപ്പെടുത്തലാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ഞെട്ടിക്കുന്നത്. ആഭ്യന്തര വകുപ്പിനെയും സംസ്ഥാനത്തെ പൊലീസിനെയും ജയില്‍ സംവിധാനങ്ങളെയും സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വെളിപ്പെടുത്തലാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്.