സമ്പത്തിന്റെ വിപണി വില പുറത്തുവിടില്ല

Webdunia
ശനി, 23 ജൂലൈ 2011 (10:40 IST)
PRO
PRO
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള അമൂല്യസമ്പത്ത് ശേഖരത്തിന്റെ വിപണിവില വെളിപ്പെടുത്തില്ല. സുരക്ഷാ കാരണങ്ങളാലാണ് ഈ തീരുമാനം. സമ്പത്ത്‌ ഇന്‍ഷുര്‍ ചെയ്യാന്‍ വില നിര്‍ണയം അത്യാവശ്യമാണ്‌.

കൃത്യമായ മൂല്യനിര്‍ണ്ണയം നടത്തുന്നതോടെ സമ്പത്തിന്റെ വില ഇപ്പോള്‍ പ്രചരിക്കുന്ന കണക്കുകളെക്കാള്‍ എത്രയോ മടങ്ങ് വര്‍ദ്ധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓരോ വസ്തുവിന്റെയും പൌരാണികവും കലാപരവും ചരിത്രപരവും മൂല്യമാണ് സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ദ്ധസമിതി കണക്കാക്കുക. നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ ജനറല്‍ സി വി ആനന്ദബോസ് ആണ് സമിതിയുടെ അദ്ധ്യക്ഷന്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓരോ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളാകും.

വിശദമായ പദ്ധതി തയ്യാറാക്കിയ ശേഷമാവും മൂല്യനിര്‍ണ്ണയം നടക്കുക. ഈ പ്രക്രിയ ദിവസങ്ങളോളം നീണ്ടേക്കും. എ‘ അറയും ‘സി‘ മുതല്‍ ‘എഫ്‘ വരെയുള്ള അറകളുമാണ് വീണ്ടും പരിശോധിക്കുക. അറകളുടെ വീഡിയോ എടുക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സമ്പത്തിനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കും. പൗരാണിക പ്രാധാന്യമുള്ളവ, പൗരാണിക പ്രാധാന്യമില്ലാത്തവ, ക്ഷേത്രത്തിലെ നിത്യപൂജയ്ക്കും മറ്റു ഉപയോഗിക്കുന്നവ എന്നിങ്ങനെയാണിത്.

കാലപ്പഴക്കത്തിനും തൂക്കത്തിനും അപ്പുറം ചരിത്രപ്രാധാന്യം കൂടി കണക്കിലെടുത്തായിരിക്കും കോഹിനൂര്‍ രത്നം, മയൂര സിംഹാസനം തുടങ്ങിയവയുടെ വില കണക്കാക്കുക എന്നാണറിയുന്നത്. വിദഗ്ദ്ധസമിതിയുടെ ചെലവ്‌ സംസ്ഥാന സര്‍ക്കാരും ക്ഷേത്ര ട്രസ്റ്റും ചേര്‍ന്നു വഹിക്കണം എന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.