സന്ധ്യ ജീവനൊടുക്കിയത് ഭര്‍തൃസഹോദരിമാരുടെ പീഡനത്തില്‍ മനംനൊന്ത്

Webdunia
ശനി, 6 ഏപ്രില്‍ 2013 (15:36 IST)
PRO
PRO
ഭര്‍തൃസഹോദരിമാരുടെ പീഡനത്തില്‍ മനം‌നൊന്താണ് സൗത്ത്‌ നരവൂരിലെ കിഴക്കയില്‍ വീട്ടില്‍ എ വി ശശിധരന്റെ ഭാര്യ സന്ധ്യ മരിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ ശശിധരന്റെ സഹോദരിമാരായ കെ വി വസന്ത(40), കെ വി ശാന്ത(47) എന്നിവരെ കൂത്തുപറമ്പ്‌ പോലിസ്‌ അറസ്റ്റു ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 23നാണ്‌ കേസിനാസ്പദമായ സംഭവം. സന്ധ്യ(30), മക്കളായ അക്ഷയ്‌(8), അലോക്‌(4) എന്നിവരുമായി നരവൂരിലെ കരിങ്കല്‍ ക്വാറിയില്‍ ചാടി മരിക്കുകയായിരുന്നു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ സന്ധ്യയുടെ പിതാവ്‌ മട്ടന്നൂര്‍ കുഴിക്കല്‍ സ്വദേശി വിജയന്‍ കൂത്തുപറമ്പ്‌ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌ സി ഐ കെ വി ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലിസ്‌ സംഘം അന്വേഷണം നടത്തി.

ഭര്‍ത്താവ്‌ ശശിധരനുമായി സന്ധ്യ നല്ല സ്നേഹ ബന്ധത്തിലായിരുന്നു. സഹോദരിമാരുമായി നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അതാണ്‌ മരണത്തിലേക്ക്‌ നയിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അറസ്റ്റിലായവരെ കൂത്തുപറമ്പ്‌ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി രണ്ടാഴ്ചത്തേക്ക്‌ റിമാന്റ്‌ ചെയ്തു.