അമ്പത്തിയഞ്ചാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വ്യാഴാഴ്ച കലയുടെ മിഠായിത്തെരുവായ കോഴിക്കോട് തിരി തെളിയും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന കലയുടെ ഉത്സവം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്ഘാടനം ചെയ്യും. സ്റ്റേജ് - സ്റ്റേജിതര ഇനങ്ങള്‍ ഉള്‍പ്പെടെ 232 ഇനങ്ങളിലാണ് മത്സരം നടക്കുക.
ഉത്ഘാടനസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷനായിരിക്കും. ഗായകന്‍ കെ ജെ യേശുദാസ് മുഖ്യാതിഥിയായിരിക്കും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. പതിനൊന്നായിരത്തോളം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ കെ ഗോപാലകൃഷ്ണ ഭട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹൈസ്‌കൂള്‍ മൈതാനമാണ് പ്രധാനവേദി. പതിനേഴു വേദികളിലായി ഏഴു ദിവസങ്ങളിലായി മത്സരങ്ങള്‍ നടക്കും. മോഹനം, കാംബോജി, ശ്രീരഞ്ജിനി, ഭൈരവി, ഹിന്ദോളം, ശ്രീരാഗം, ഹംസധ്വനി, മല്‍ഹാര്‍, സാരംഗ്, ആഭേരി, ശഹാന, നീലാംബരി, സാവേരി, കേദാരം, ശ്യാമ, സൂര്യകാന്തം, രേവതി, നവനീതം എന്നിങ്ങനെ വിവിധ രാഗങ്ങളുടെ പേരാണ് ഓരോ വേദികള്‍ക്കും നല്കിയിരിക്കുന്നത്.
ജനവരി 21ന് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി എസ് അച്യുതാന്ദന്‍ ഉത്ഘാടനം ചെയ്യും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ നാട്യാചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ മന്ത്രി കെ പി മോഹനന്‍ പൊന്നാടയണിയിച്ച് ആദരിക്കും.
(ചിത്രത്തിനു കടപ്പാട്: സ്റ്റേറ്റ് സ്കൂള്‍ കലോത്സവം വെബ്സൈറ്റ്)