സംസ്ഥാന ലോട്ടറി നിരോധിക്കരുത്: ഉമ്മന്‍ ചാണ്ടി

Webdunia
തിങ്കള്‍, 30 ഓഗസ്റ്റ് 2010 (15:25 IST)
ലോട്ടറി നിരോധനത്തിന്‍റെ പരിധിയില്‍ കൊണ്ടുവന്ന് സംസ്ഥാന ലോട്ടറി എതിര്‍ത്താല്‍ യു ഡി എഫ് അതു തടയുമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോട്ടറി വിവാദവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത് വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് നിയമസഭയില്‍ പറഞ്ഞതെല്ലാം തിരുത്തി പറയേണ്ടി വന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അന്യസംസ്ഥാന ലോട്ടറികളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്‍റേത്. സംസ്ഥാന ലോട്ടറിക്കെതിരെയുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തി വെയ്ക്കണം. നിരവധി കുടുംബങ്ങളെ അത് പട്ടിണിയിലാക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ ലോട്ടറി നിരോധിക്കണമെന്ന് പ്രതിപക്ഷം പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.