പി ഡി പി ബന്ധത്തിനെതിരെ പരസ്യമായി രംഗത്തുവന്ന മുഖ്യമന്ത്രി വി എസ് അച്യുതാനനന്ദനെതിരെ സി പി എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. സംസ്ഥാന സെക്രട്ടറിയേറ്റും പാര്‍ട്ടി സെക്രട്ടറിയും ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയ ശേഷവും വി എസ് അഭിപ്രായം പറഞ്ഞത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് സംസ്ഥാനസമിതി വിലയിരുത്തി.
ഡിസംബര്‍ 13ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കുന്നതിനിടെ പി ഡി പിയുമായി ബന്ധപ്പെട്ട് വി എസ് നടത്തിയ പരാമര്‍ശങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. വി എസ് പക്ഷക്കാരെന്ന് പരക്കെ കരുതപ്പെടുന്ന ഫിഷറീസ് മന്ത്രി എസ് ശര്‍മ്മയും കെ ചന്ദ്രന്‍ പിള്ളയും വി എസ് ഇത്തരത്തിലൊരു സമീപനം എടുത്തതിനെ വിമര്‍ശിച്ചതായാണ് സൂചന.
പിണറായി പക്ഷം സെക്രട്ടറിയറ്റിലേയും സംസ്ഥാന സമതിയിലേയും ചര്‍ച്ചകള്‍ കേന്ദ്ര നേതൃത്വത്തെ പ്രത്യേകമായി തന്നെ അറിയിക്കുമെന്നാണ് വിവരം. ഒരു നടപടി പ്രതീക്ഷിക്കുന്നില്ലെങ്കിലും വി എസ്സിനെ പോളിറ്റ് ബ്യൂറോയിലേക്ക് വീണ്‌ടും കൊണ്‌ടു വരുന്നതിനുള്ള നീക്കം കേന്ദ്ര തലത്തില്‍ നടക്കുന്നത് മനസ്സിലാക്കി അത് തടയുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന.
തീവ്രവാദത്തിനും വിലക്കയറ്റത്തിനും എതിരെ സിപിഎം നടത്താന്‍ ഉദ്ദേശിക്കുന്ന ക്യാമ്പെയിനെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു സംസ്ഥാന സമതിയുടെ മുഖ്യ അജന്‍ഡ. തെരഞ്ഞെടുപ്പില്‍ പിഡിപിയുടെ പിന്തുണ സ്വീകരിച്ചത് തെറ്റായിപ്പോയെന്ന് പോളിറ്റ്ബ്യൂറോയും കേന്ദ്രകമ്മറ്റിയും നിലപാട് എടുത്തിരുന്നു.