സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ ജില്ലകളിലേക്കും മഴ വ്യാപിക്കും

Webdunia
ബുധന്‍, 22 ഏപ്രില്‍ 2015 (13:07 IST)
സംസ്ഥാനത്ത് മഴ തുടരുമെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥ നിരീക്ഷണ വകുപ്പ് ആണ് മഴ വെള്ളിയാഴ്ച വരെ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളിലേക്ക് മഴ വ്യാപിക്കുമെന്നും അതിനാല്‍ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നും കാലാവസ്ഥ നിരീക്ഷണവകുപ്പ് വ്യക്തമാക്കുന്നു.
 
ചൊവ്വാഴ്ച്ച തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് ലഭിച്ചത്. കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലില്‍ തലസ്ഥാനത്ത് മൂന്നുപേര്‍ മരിച്ചിരുന്നു. പുതിയതുറ സ്വദേശികളായ ഫ്രെഡി, മൈക്കിള്‍ അദിമ, കുന്നുകുഴി സ്വദേശി ജഗല്‍ എന്നിവരാണ് മരിച്ചത്.
 
ഉരുള്‍പൊട്ടലിനുള്ള സാധ്യത കണക്കിലെടുത്ത് പൊന്‍മുടിയിലേക്ക് വിനോദസഞ്ചാരികള്‍ പോകുന്നത് തടഞ്ഞിരിക്കുകയാണ്. ഉച്ചയ്ക്കുശേഷം ഇടിയോടും കാറ്റാടും കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. 
 
ലക്ഷ്വദ്വീപില്‍ രൂപംകൊണ്ട അന്തരീക്ഷ ചുഴിയുടെ സാന്നിധ്യമാണ് മഴയ്ക്ക് കാരണം.