ഷെഫീക്കിനെ ദത്ത് നല്‍കുന്നു

Webdunia
ചൊവ്വ, 22 ഏപ്രില്‍ 2014 (11:43 IST)
PRO
ഇടുക്കി കുമളിയില്‍ മാതാപിതാക്കളുടെ ക്രൂരപീഡനത്തിനിരയായ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ താല്‍ക്കാലികമായി ദത്ത്‌ നല്‍കാന്‍ ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി തീരുമാനം. ഷെഫീക്കിനെ ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നു ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി അപേക്ഷ ക്ഷണിച്ചു.

രണ്ടാംഘട്ട ചികിത്സ പൂര്‍ത്തിയായിട്ടും കുട്ടിയെ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന്‌ ഷെഫീഖിന്റെ അമ്മയും അച്ഛനും അറിയിച്ചതോടെയാണ്‌ തീരുമാനമെന്നും സിഡബ്ല്യൂസി അറിയിച്ചു. നിലവില്‍ സാമൂഹ്യക്ഷേമ വകുപ്പാണ്‌ ഷെഫീക്കിന്റെ പൂര്‍ണ ചെലവ്‌ വഹിക്കുന്നത്‌. ഇനിമുതല്‍ ഏറ്റെടുക്കുന്നവര്‍ ചെലവ്‌ വഹിക്കണമെങ്കിലും പ്രത്യേക ഗ്രാന്റ്‌ തുടരാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ഷെഫീക്ക്‌ ഇപ്പോളും വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്‌. രണ്ടാംഘട്ട ചികിത്സ പൂര്‍ത്തിയാക്കി മേയ്‌ 10ന്‌ നാട്ടില്‍ തിരിച്ചെത്തിക്കും. 10 മാസത്തോളമായി ചികിത്സയിലാണങ്കിലും ശാരീരിക മാനസിക ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാനായിട്ടില്ല. പ്രത്യേക പരിചരണം ആവശ്യമാണെന്നാണ്‌ ഡോക്ടര്‍മാരും അറിയിച്ചിരിക്കുന്നത്‌.

ഈ രീതിയില്‍ ഷെഫീഖിനെ സംരക്ഷിക്കാന്‍ താല്‍പര്യമുള്ള കുടുംബങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമാണ്‌ ചെയില്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി അപേക്ഷ ക്ഷണിക്കുന്നത്‌. താല്‍പര്യമുള്ളവര്‍ ഇടുക്കി ജില്ല ചെയില്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി ഓഫീസുമായോ 9447984871 എന്ന നമ്പരിലോ മെയ്‌ 10ന്‌ മുന്‍പായി ബന്ധപ്പെടണം.