ഷുക്കൂര്‍ വധം: ജയരാജനും രാജേഷിനും ജാമ്യം നിഷേധിച്ചു

തിങ്കള്‍, 13 ഓഗസ്റ്റ് 2012 (11:36 IST)
PRO
PRO
ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷയും ടി വി രാജേഷ്‌ എം എല്‍ എയുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി ഉത്തരവായി. ഇരുവര്‍ക്കും ജാമ്യം ലഭിച്ചാല്‍ കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ്‌ ഹൈക്കോടതി ജാമ്യം നിഷേധിച്ചത്‌. 13 പ്രതികളെ കൂടി കേസില്‍ പിടികൂടാനുണ്ടെന്നും ഇവര്‍ക്കു ജാമ്യം നല്‍കിയാല്‍ ആ പ്രതികള്‍ രക്ഷപ്പെടാന്‍ സധ്യതയുണ്ടെന്നും പ്രോസിക്യുഷന്‍ വാദിച്ചിരുന്നു.

കഴിഞ്ഞ ദിവസം തന്നെ ജാമ്യാപേക്ഷകളില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ കോടതി ചേര്‍ന്നയുടനെ ആദ്യം പരിഗണിച്ച ഹര്‍ജികളായിരുന്നു ഇരുവരുടെയും. ഇന്നാണു വിധി പറഞ്ഞത്. ജയരാജന്റെ ജാമ്യാപേക്ഷ നേരത്തേ കണ്ണുര്‍ ഒന്നാം ക്ലാസ് മജിസ്ടേട്ട് കോടതിയും തള്ളിയിരുന്നു.

ഷുക്കൂറിനെ വധിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ പദ്ധതിയിട്ടത്‌ അറിഞ്ഞിരുന്നിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റമാണ്‌ ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്‌. ലീഗ്‌ പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്ന്‌ ഇവര്‍ ചികിത്സ തേടിയ ആശുപത്രി മുറിയില്‍ വച്ചാണ്‌ മുപ്പതാം പ്രതിയായ വേണു സിപിഎം പ്രവര്‍ത്തകരുടെ പിടിയിലായ ലീഗ്‌ പ്രവര്‍ത്തകരെ വേണ്ടപോലെ കൈകാര്യം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്‌. കൊലപാതകം നടക്കാന്‍ പോകുന്ന വിവരം ആ‍ദ്യം അറിഞ്ഞിട്ടും തടയനോ ഷുക്കൂറിനെ രക്ഷിക്കാനോ ഇരുവരും ശ്രമിച്ചില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ഈ മാസം ഒന്നിനാണു ജയരാജനെ അറസ്റ്റു ചെയ്തത്. പി ജയരാജന്റെ അറസ്‌റ്റിനെ തുടര്‍ന്ന്‌ സംസ്‌ഥാനത്തും പ്രത്യേകിച്ച്‌ മലബാര്‍ മേഖലകളില്‍ വ്യാപക അക്രമം നടന്നുവെന്നും മുന്‍ എംഎല്‍എയായ പി.ജയരാജനെ അറസ്‌റ്റു ചെയ്‌താല്‍ ഇങ്ങനെയാണെങ്കില്‍ എംഎല്‍എയായ രാജേഷിനെ അറസ്‌റ്റു ചെയ്‌താല്‍ എന്തായിരിക്കും സ്‌ഥിതിയെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ ഉന്നയിച്ചു. പോലീസിനെ പോലും അനുസരിക്കാത്ത നിലപാടാണ്‌ ജയരാജന്റേതെന്നും ആശുപത്രിയില്‍ കൊണ്ടുപോകവേ പൊലീസ്‌ വാഹനത്തില്‍ നിന്ന്‌ ഇറങ്ങി സ്വന്തം വാഹനത്തില്‍ കയറിയാണ്‌ ജയരാജന്‍ ആശുപത്രിയില്‍ എത്തിയത്‌. ഇതേ തുടര്‍ന്ന്‌ രണ്ടു പൊലീസുകാരെ സസ്‌പെന്റു ചെയ്യേണ്ടിവന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

അതേസമയം, ജയരാജന്‌ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ദുര്‍ബലമാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല.

വെബ്ദുനിയ വായിക്കുക