ഷിബിൻ കൊലക്കേസിൽ മുസ്ലീം ലീഗും സി പി എമ്മും തമ്മിൽ ഒത്തുതീർപ്പുണ്ടായി, പൊലീസിന്റെ ഭാഗത്തുനിന്ന് ഉദാസീന നിലപാടായിരുന്നു ഈ കേസില്‍ ഉണ്ടായത്: കെ സുരേന്ദ്രന്‍

തിങ്കള്‍, 20 ജൂണ്‍ 2016 (19:27 IST)
നാദാപുരത്തെ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ സി പി എമ്മും മുസ്‌ലിം ലീഗും ഒത്തുതീര്‍പ്പുണ്ടാക്കിയതാണെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. തന്റെ
ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന് ഈ ആരോപണം ഉന്നയിച്ചത്. സി പി എമ്മിന്റെ അഭിഭാഷകന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്നിട്ടുപോലും ഈ കേസില്‍ ശക്തമായി ഇടപെട്ടില്ലെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഉദാസീന നിലപാടായിരുന്നു കേസില്‍ ഉണ്ടായതെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ ആരോപിച്ചു.
 
കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
 
രണ്ടു വർഷം മുമ്പ് നാദാപുരത്ത് ദാരുണമായി കൊലചെയ്യപ്പെട്ടDYFI പ്രവർത്തകൻ ഷിബിന്റെ വീട്ടിൽ ഇന്നലെ പോവുകയും അഛനേയും അമ്മയേയും കാണുകയും ഉണ്ടായി. കൊലക്കേസിലെ 17 പ്രതികളേയും കഴിഞ്ഞ ദിവസം വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. നിരവധി ദൃക്സാക്ഷികളുടെ മുന്നിൽ നടന്ന ഒരു കൊലപാതകം, പരമാവധി ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന ഒരു കേസ്, കാപ്പാ കേസിലും മറ്റും ഉൾപ്പെട്ടിട്ടുളള തീവ്രവാദികളായിട്ടുളള ഒരു പറ്റം മുസ്ലീം ലീഗുകാർ നടത്തിയ നിഷ്ഠൂര കൊലപാതകത്തിലെ ഈ വിധി എല്ലാവരേയും അമ്പരപ്പിച്ച ഒന്നായിരുന്നു;
പ്രോസിക്യൂഷന്റെ ദയനീയ പരാജയമാണ് ഈ വിധിക്ക് കാരണമെന്ന് ഉറപ്പിച്ച് പറയാൻ കഴിയും.സംഭവം നടന്ന ഉടനെ പ്രതികളുടെ ബൈക്കുകൾ കസ്റ്റഡിയിൽ എടുത്ത പോലീസ് സീഷർ മഹസർ തയ്യാറാക്കിയതിൽ അത് ഉൾപ്പെടുത്തിയില്ല .പ്രതികളുടെ വസ്ത്രങ്ങൾ ഭാഗികമായി കത്തിച്ചു കളഞ്ഞിരുന്നു എന്ന് പറയുന്ന പോലീസ് വസ്ത്രത്തിന്റെ അവശേഷിക്കുന്ന ഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയക്കാതെ ചാരമാണ് പരിശോധനക്ക് അയച്ചത്.പ്രതികൾക്ക് പരിക്കുപറ്റിയ സംഭവത്തിൽ കേസെടുക്കാത്തത് കാരണം പ്രതികൾ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പ്രതിഭാഗത്തിന് സുഗമമായി വാദിക്കാൻ കഴിഞ്ഞു .അക്രമത്തിൽ ഷിബിനോടൊപ്പം പരിക്കുപറ്റിയവരെ മാത്രം എന്തുകൊണ്ട് സാക്ഷിയാക്കി? മറ്റ് സ്വതന്ത്ര സാക്ഷികൾ എന്തുകൊണ്ട് ഹാജരാക്കപ്പെട്ടില്ല തുടങ്ങി നിരവധി ചോദ്യങ്ങൾ കോടതി ഉന്നയിക്കുന്നുണ്ട്. പ്രോസിക്യൂഷൻ കൃത്യമായ ഉത്തരം ഒന്നിനും നൽകിയില്ല. പിന്നെ കേസിൽ ഉന്നതനായ ഒരുcpm അഭിഭാഷകൻ സ്പെഷൽ പ്രോസിക്യൂട്ടറായി ഉണ്ടായിരുന്നല്ലോ? പി ജയരാജന്റെ സ്ഥിരം അഭിഭാഷകൻ - അദേഹം ഈ കേസിൽ എന്തു ചെയ്യുകയായിരുന്നു?
പ്രതികൾ മുസ്ലീം ലീഗിൽ ഉന്നത ബന്ധമുളളവരാണ് അവർക്ക് നാദാപുരത്തെ cpm ലും അതുപോലെ തന്നെ ബന്ധമുണ്ടെന്നുളളത് പകൽ പോലെ വ്യക്തമാണ്. ഷിബിൻ കൊലക്കേസിൽ മുസ്ലീം ലീഗും CPM ഉം തമ്മിൽ ഒത്തുതീർപ്പുണ്ടായി എന്ന് നേരത്തെ തന്നെ ഞങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. മുസ്ലീം ലീഗിന്റെ ഒരു പ്രമുഖ നേതാവും cpm ൻറ്റെ ഒരു ഉന്നതനും തമ്മിൽ ഇത് സംബന്ധിച്ച് ദുബായിയിൽ ചർച്ചയും നടന്നിരുന്നു അതിന് ശേഷമാണ് നഷ്ടപരിഹാര പാക്കേജ് എല്ലാം നടപ്പിലായത് .കൊല്ലപെട്ടയാൾക്കും കൊലയാളികൾക്കും നഷ്ടപരിഹാരം നൽകിയ അപൂർവ്വ സംഭവമായിരുന്നല്ലോ നാദാപുരം കണ്ടത് !
ദു:ഖം തോന്നുന്നു ഷിബിന്റെ കുടുംബത്തെയോർത്ത്!!!
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക