ഷാ‍ര്‍ജയില്‍ അപകടം: നാലു മലയാളികള്‍ മരിച്ചു

Webdunia
ബുധന്‍, 23 ജൂണ്‍ 2010 (16:25 IST)
കെട്ടിടത്തിന് മുകളില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ അപകടമുണ്ടാ‍യി നാല് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ മധുക്കോട്‌ സ്വദേശി സന്തോഷ്‌ ചാങ്ങാട്ട്‌(29), അഴീക്കോട്‌ സ്വദേശി രാജീവന്‍ (35), മട്ടന്നൂര്‍ സ്വദേശി വി പി സന്തോഷ്‌(28), പാലക്കാട്‌ സ്വദേശി ഷിജു(24) എന്നിവരാണ് മരിച്ചത്.

പരസ്യ ബോര്‍ഡ്‌ സ്ഥാപിക്കുന്നതിനിടെ ക്രേഡില്‍ തകര്‍ന്നാണ് അപകടം ഉണ്ടായത്. ഷാര്‍ജ അല്‍ നഹ്ദയിലെ അന്‍സാര്‍ മാള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ നാലാം നിലയില്‍ ഇന്ന്‌ പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അപകടം.മരിച്ച നാലുപേരും അല്‍ റിയാമി കമ്പനിയിലെ പരസ്യ ബോര്‍ഡ്‌ ഡിവിഷന്‍ ജീവനക്കാരാണ്‌.

രാജീവന്‍ ഈ‍ കമ്പനിയില്‍ ജോലിക്കെത്തിയിട്ട്‌ രണ്ടു മാസമേ ആയിട്ടൂള്ളൂ. ഇതേ കമ്പനിയിലെ മറ്റൊരു വിഭാഗത്തിലായിരുന്ന ഷിജു പരസ്യബോര്‍ഡ്‌ ഡിവിഷനിലേക്ക്‌ രണ്ടു മാസം മുമ്പാണ്‌ മാറിയത്‌. മൃതദേഹങ്ങള്‍ നാട്ടിലേക്ക്‌ കൊണ്ടുപോകുമെന്ന്‌ കമ്പനി അധികൃതര്‍ അറിയിച്ചു.

രണ്ടു പേര്‍ സംഭവ സ്ഥലത്തു വെച്ചും ഒരാള്‍ അല്‍ ഖാസിമി ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴിയും മറ്റൊരാള്‍ ആശുപത്രിയിലുമാണ്‌ മരിച്ചത്‌. മൃതദേഹങ്ങള്‍ ഷാര്‍ജ കുവൈത്തില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.