ശ്വേതാ മേനോനെ പൊതുവേദിയില്‍ വച്ച്‌ അപമാനിച്ചത്‌ ജനപ്രതിനിധി തന്നെ: ഇന്നസെന്റ്

Webdunia
ശനി, 2 നവം‌ബര്‍ 2013 (12:01 IST)
PRO
നടി ശ്വേതാ മേനോനെ പൊതുവേദിയില്‍ വച്ച്‌ അപമാനിച്ചത്‌ ജനപ്രതിനിധി തന്നെയാണെന്ന്‌ ഇന്നസെന്റ്‌. ഇക്കാര്യം ശ്വേത തന്നോടു പറഞ്ഞുവെന്നും ജനങ്ങള്‍ക്ക്‌ വഴികാട്ടേണ്ട ജനപ്രതിനിധികള്‍ തന്നെ ഇത്തരത്തില്‍ പെരുമാറുന്നത്‌ ശരിയല്ലെന്നും ഇന്നസെന്റ്‌ പറഞ്ഞു.

സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ താരസംഘടനയായ അമ്മയുടെ പിന്തുണ ശ്വേതയ്‌ക്ക് ഉണ്ടായിരിക്കുമെന്നും ഇന്നസെന്റ്‌ വ്യക്‌തമാക്കി.

സംഭവത്തില്‍ ജില്ലാ കളക്‌ടര്‍ ബി മോഹനോട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്‌. കൊല്ലത്തെ പ്രസിഡന്‍സ് ട്രോഫി വള്ളംകളി മത്സരത്തിനിടെ നടി ശ്വേതാ മേനോനെ അപമാനിച്ച സംഭവം വിവാദമാകുന്നു.

ഒരു ജനപ്രതിനിധിയില്‍ നിന്നാണ് ഇങ്ങനെ മോശമായ പെരുമാറ്റം ഉണ്ടായത്. സംഘടനയിലെ അംഗത്തിന് നേരെയുണ്ടായ അതിക്രമം നോക്കി നില്‍ക്കില്ലെന്നും സംഘടന ശ്വേതയോടൊപ്പം ഉണ്ടാവുമെന്നും ഇന്നസെന്റ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊല്ലം കളക്ടറോട് വിശദാംശങ്ങള്‍ ആരാഞ്ഞു. നിയമ നടപടികള്‍ക്ക് മുന്‍കയ്യെടുക്കുമെന്ന് ‘അമ്മ‘ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കി. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് കമ്മീഷനംഗം ലിസി ജോസ് ആവശ്യപ്പെട്ടു.

ഇന്നലെയാണ് കൊല്ലത്ത് വള്ളംകളി മത്സരത്തിനിടെ ശ്വേതാ മേനോനെ അപമാനിച്ചത്. വള്ളംകളിയുടെ ഉത്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു ശ്വേത. തന്നെ ശാരീരികമായ അപമാനിച്ചതായി ശ്വേത തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കളക്ടറെ വിളിച്ച് പരാതി പറഞ്ഞതായും ശ്വേത പറഞ്ഞു പക്ഷേ പരാതി പറഞ്ഞില്ലെന്ന് കളക്ടര്‍ പ്രതികരിച്ചു.