ശുംഭന്‍ പരാമര്‍ശം: ജയരാജന് നാല് ആഴ്ച തടവ്

വെള്ളി, 30 ജനുവരി 2015 (10:59 IST)
വിവാദമായ ‘ശുംഭന്‍ ’ പരാമര്‍ശത്തില്‍ സി പി എം നേതാവ് എം വി ജയരാജന് നാല് ആഴ്ച തടവ്. സുപ്രീംകോടതിയാണ് ജയരാജന് നാല്  ആഴ്ച തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ജയരാജന്റെ നിലപാടുകള്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
 
നേരത്തെ, ഇതേകേസില്‍ ഹൈക്കോടതി ജയരാജന് ആറുമാസത്തെ തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ , വിധിക്കെതിരെ ജയരാജന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ,ജയരാജന്‍ ഒരിക്കലും ഈ പരാമര്‍ശത്തില്‍ മാപ്പു പറയാനോ പരാമര്‍ശം തിരുത്താനോ തയ്യാറായില്ല. ശുംഭന്‍ എന്ന വാക്കിന് പ്രകാശിക്കുന്നവന്‍ എന്നാണ് അര്‍ത്ഥമെന്നും താന്‍ പ്രസംഗിച്ചതിലെ ചില കാര്യങ്ങള്‍ അടര്‍ത്തിയെടുത്ത് ഉപയോഗിക്കുകയായിരുന്നു എന്നുമായിരുന്നു ജയരാജന്റെ വാദം. എന്നാല്‍ ,ഈ വാദം കോടതി അംഗീകരിച്ചില്ല.
 
ഹൈക്കോടതിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ വി ഗിരിയാണ് സുപ്രീംകോടതിയില്‍ ഹാജരായത്. ഇത്തരം പരാമര്‍ശങ്ങള്‍ കോടതിയെയും വിധിയെയും അപമാനിക്കുന്നതാണെന്ന് അദ്ദേഹം വാദിച്ചു. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് സുപ്രീംകോടതി ജയരാജനെ നാല് ആഴ്ചത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്.
 
അതേസമയം, താന്‍ കോടതിവിധിയെ മാനിക്കുന്നെന്ന് ജയരാജന്‍ പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ വിധിപ്രഖ്യാപനം അറിഞ്ഞശേഷവും ജയരാജന്‍ ഉറച്ചുനിന്നു. 2010 ജൂലൈ  26നായിരുന്നു വിവാദമായ ശുംഭന്‍ പരാമര്‍ശം.
പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിക്കതിരെ പ്രതിഷേധം അറിയിച്ചു കൊണ്ടു നടത്തിയ യോഗത്തില്‍ ചില ശുംഭന്മാര്‍ ആണ് ഇത്തരത്തിലുള്ള വിധി പുറപ്പെടുവിക്കുന്നതെന്ന് ആയിരുന്നു ജയരാജന്റെ പരാമര്‍ശം.

വെബ്ദുനിയ വായിക്കുക