മലബാര്‍ സിമന്‍റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട്‌പേര്‍ മാപ്പുസാക്ഷികളാകും. മലബാര്‍ സിമന്‍റ്‌സ് മാനേജിങ് ഡയറക്ടര്‍ സൂര്യനാരായണന്‍, അദ്ദേഹത്തിന്റെ സെക്രട്ടറി സുന്ദരമൂര്‍ത്തി, കരാറുകാരനായ വി.എം. രാധാകൃഷ്ണന്‍ എന്ന ചാക്ക് രാധാകൃഷ്ണന്‍ എന്നിവരാണ് പ്രതികള്‍. സുന്ദരമൂര്‍ത്തിയുടേയും സൂര്യനാരായണന്‍േറയും രഹസ്യമൊഴികള്‍ സിബിഐയുടെ ആവശ്യപ്രകാരം മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. ഇരുവരേയും മാപ്പുസാക്ഷികളാക്കാനാണ് സിബിഐയുടെ തീരുമാനം.
ശശീന്ദ്രന്റെ ആത്മഹത്യയ്ക്ക് പ്രേരണ നല്‍കിയിട്ടുള്ളത് സുന്ദരമൂര്‍ത്തിയും സൂര്യനാരായണനും ചാക്ക് രാധാകൃഷ്ണനുമാണെന്നാണ് കേസ് അന്വേഷിക്കുന്ന സിബിഐയുടെ ആരോപണം.
ചാക്ക് രാധാകൃഷ്ണന്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ച പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ വാദം നടന്നിരുന്നു. ഇരുഭാഗങ്ങളുടെയും വാദം കേട്ടശേഷം ഹര്‍ജി 10ന് ഉത്തരവിനായി കോടതി മാറ്റിവച്ചു. ആത്മഹത്യയാണെന്ന് ബോധിപ്പിച്ച സിബിഐയെ കോടതി വിമര്‍ശിക്കുകയും ചെയ്തു.
ശശീന്ദ്രനും രണ്ട് മക്കളും വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. ഇവരുടെ മരണം കൊലപാതകമാണോ എന്ന് സിബിഐ അന്വേഷിച്ചുവോ യെന്ന് കോടതി തിരക്കി. പുറത്തുനിന്നുള്ള ആരെങ്കിലുമാണോ കൊല നടത്തിയിട്ടുള്ളതെന്നാണ് കോടതി ചോദിച്ചത്. കുട്ടികളെ കൊലപ്പെടുത്തിയശേഷം ശശീന്ദ്രന്‍ ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐയുടെ വിശദീകരണം. കുട്ടികളെ മാത്രം കൊലപ്പെടുത്തിയ ശശീന്ദ്രന്‍ ഭാര്യയെ എന്തുകൊണ്ട് ഒഴിവാക്കിയെന്നും കോടതി ആരാഞ്ഞു. ശശീന്ദ്രന്റെ ഭാര്യ ടീന രാത്രിജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. സിബിഐ അന്വേഷണത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.