ശശീന്ദ്രന്റെ മരണം: ചാക്ക് രാധാകൃഷ്ണന്‍ അറസ്റ്റില്‍

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2013 (18:08 IST)
PRO
PRO
മലബാര്‍ സിമന്റ്സ് മുന്‍‌ജീവനക്കാരന്‍ ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന വി എം രാധാകൃഷ്ണനെ സി ബി ഐ അറസ്റ്റ് ചെയ്തു. സി ബി ഐ തിരുവനന്തപുരം യൂണിറ്റാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്.

അന്വേഷണസംഘ തലവന്‍ എസ് പി നന്ദകുമാരന്‍ നായര്‍ പാലക്കാട് പി ഡബ്യൂ ഡി ഗസ്റ്റ് ഹൌസിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആത്മഹത്യ പ്രേരണകുറ്റമാണ് ചാ‍ക്ക് രാധാകൃഷ്ണനെതിരേ ചുമത്തിയിരിക്കുന്നത്.

മലബാര്‍ സിമന്റ്‌ കമ്പനിയില്‍നിന്ന് ശശീന്ദ്രന്‍ സെക്രട്ടറിസ്ഥാനം രാജിവെക്കാനിടയായത് രാധാകൃഷ്ണനോടുള്ള എതിര്‍പ്പു മൂലമായിരുന്നു. രാധാകൃഷ്ണന്‍ കമ്പനിക്കുള്ളില്‍ നടത്തിയിരുന്ന പല അനധികൃത ഇടപാടുകളും ശശീന്ദ്രന് അറിയാമായിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥാപനമേധാവികളില്‍നിന്ന് കടുത്ത മാനസിക പീഡനം ശശീന്ദ്രന് ഏറ്റുവാങ്ങേണ്ടി വന്നു. ശശീന്ദ്രന്റെ മരണം കൊലപാതമാണെന്ന് തെളിയിക്കുന്ന രേഖകള്‍ സിബിഐക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചന.

2011 ജനുവരി 24നാണ് പുതുശ്ശേരിയിലെ വീട്ടില്‍ ശശീന്ദ്രനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം നടത്തിയെങ്കിലും കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് തെളിയിക്കാനായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശശീന്ദ്രന്റെ ഭാര്യ ടീനയും അച്ഛനും ഹൈക്കോടതിയില്‍ ഹരജിയുമായെത്തിയത്. തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് ഉത്തരവായത്.