ശബരിമല ദര്‍ശനത്തിനായി അമ്പതുവയസുവരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന സന്ദേശമുയര്‍ത്തി ‘റെഡി ടു വെയ്റ്റ്’ കാമ്പയിന്‍ തരംഗമാകുന്നു. ശബരിമല ദര്‍ശനത്തിനായി അമ്പതുവയസുവരെ കാത്തിരിക്കാന്‍ തയ്യാറാണെന്നറിയിച്ച് കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തി.
മാത്രമല്ല, കാമ്പയിന്‍ തരംഗമായതോടെ ഇന്ത്യയൊട്ടാകെ ഇത് ചര്‍ച്ച ചെയ്യപ്പെടുകയാണ്. പല ദേശീയ ചാനലുകളും #ReadyToWait കാമ്പയിനാണ് ഇപ്പോള്‍ പ്രധാന വിഷയമായി ചര്‍ച്ച ചെയ്യുന്നത്. മാത്രമല്ല കേരളത്തില്‍ നിന്നുള്ള വനിതാ പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക ചര്‍ച്ചകളും ഈ വിഷയത്തില്‍ ദേശീയ മാധ്യമങ്ങളില്‍ നടക്കുന്നു.
ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിന്‍റെ നിലപാടില്‍ കേരളത്തിലെ ഭക്തരായ സ്ത്രീകള്‍ അസ്വസ്ഥരാണെന്നും അതിനാല്‍ ഒരു വലിയ മുന്നേറ്റമെന്ന നിലയിലാണ് ‘റെഡി ടു വെയ്റ്റ്’ കാമ്പയിനുമായി മുന്നോട്ടുവരുന്നതെന്നുമാണ് കാമ്പയിന്‍റെ ഭാഗമായ പലരും വെളിപ്പെടുത്തുന്നത്.
ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കണമെന്നും പാരമ്പര്യമായി പാലിച്ചുപോകുന്ന നിയമങ്ങള്‍ ലംഘിക്കപ്പെടരുതെന്നും വിശ്വാസത്തെ സംരക്ഷിക്കണമെന്നും ആണ് ഈ കാമ്പയിന്‍റെ പ്രധാന ആവശ്യങ്ങള്‍. എന്തായാലും കേരളമാകെ ഈ പുതിയ മുന്നേറ്റം തരംഗമാകുമ്പോള്‍ സര്‍ക്കാരിന്‍റെ അടുത്ത നീക്കത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്.