ശബരിമല ഉത്സവ കൊടിയേറ്റ് നാളെ

Webdunia
വ്യാഴം, 3 ഏപ്രില്‍ 2014 (11:49 IST)
PRO
PRO
ശബരിമലയില്‍ ഉത്സവ കൊടിയേറ്റ് നാളെ. കൊടിയേറ്റിനു മുന്നോടിയായി ഇന്ന് പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. വൈകിട്ട് ആറു മണിയോടെ ചടങ്ങുകള്‍ തുടങ്ങും. തന്ത്രി കണ്ഠര് മഹേശ്വരരുടെ കാര്‍മികത്വത്തില്‍ ദീപാംഗശുദ്ധി, രക്ഷോഘ്ന ഹോമം, വാസ്തുഹോമം, വാസ്തുബലി എന്നിവ നടക്കും.

ഉത്സവത്തിനായി ക്ഷേത്രനട ഇന്ന് വൈകിട്ട് 5.30ന് തുറക്കും. ചെങ്ങളം വടക്കേഇല്ലത്തു തയാറാക്കി കൊണ്ടുവരുന്ന കൊടിക്കൂറ തുടര്‍ന്നു സോപാനത്തില്‍ സമര്‍പ്പിക്കും. പത്ത് ദിവസത്തെ ഉത്സവത്തിന് നാളെ രാവിലെ 10.15ന് ഇടവം രാശി മുഹൂര്‍ത്തത്തില്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ കൊടിയേറും.

ഇന്ന് തുറന്നാല്‍ വിഷുവും കഴിഞ്ഞ് 18ന് മാത്രമേ നട അടയ്ക്കൂ. എല്ലാ ദിവസവും പുലര്‍ച്ചെ 5.20 മുതല്‍ ഒന്‍പത് വരെ നെയ്യഭിഷേകം ഉണ്ട്. എല്ലാ ദിവസവും വൈകിട്ട് പടിപൂജയും ഉണ്ട്. ഉല്‍സവത്തിനും വിഷുവിനുമായി വിപുലമായ ഒരുക്കങ്ങളാണ് സന്നിധാനത്തും പമ്പയിലും നടക്കുന്നത്. ഇരുനൂറിലധികം ദേവസ്വം ജീവനക്കാരും എത്തിയിട്ടുണ്ട്.

അയ്യപ്പ സേവാസംഘം സന്നിധാനത്തും പമ്പയിലും ക്യാംപ് തുറന്നു. മലകയറുന്നതിനിടെ തീര്‍ഥാടകര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനായി അപ്പാച്ചിമേട്ടില്‍ അയ്യപ്പ സേവാസംഘത്തിന്റെ സന്നദ്ധ സേവകരുണ്ട്.