വ്യാഴാഴ്ച വിരമിക്കുന്നത് 23000 ജീവനക്കാര്‍!

Webdunia
ബുധന്‍, 30 മാര്‍ച്ച് 2011 (18:34 IST)
PRO
23000 സര്‍ക്കാര്‍ ജീവനക്കാര്‍ മാര്‍ച്ച് 31ന് വിരമിക്കുന്നു. ഇതില്‍ പതിനായിരത്തോളം പേര്‍ അധ്യാപകരാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിരിഞ്ഞുപോകേണ്ട ജീവനക്കാരാണ് സാമ്പത്തികവര്‍ഷത്തിന്‍റെ അവസാനദിവസം കൂട്ടവിരമിക്കലിലൂടെ പുറത്തുപോകുന്നത്. വിരമിക്കല്‍ ഏകീകരണം വന്നതിനാലാണ് മാര്‍ച്ച് 31 കൂട്ടവിരമിക്കലിന് വേദിയാകുന്നത്. വിരമിക്കല്‍ തീയതി ഏകീകരിച്ചതിനാല്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് കാലാവധി ഏതാനും മാസം നീട്ടിക്കിട്ടിയിരുന്നു.

എന്നാല്‍ ഇതില്‍ അമ്പത് ശതമാനത്തോളം പേരുടെ ഒഴിവ് നേരത്തേ നികത്തിയതാണ്. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചാണ് പതിനായിരത്തിലധികം പുതിയ ജീവനക്കാരെ ഉള്‍ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ ഓഫീസ് പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കില്ല.

ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ വിരമിക്കുന്നത് പൊലീസ് വകുപ്പിലാണ്. ആയിരത്തോളം പേരാണ് വ്യഴാഴ്ച പൊലീസ് സേനയില്‍ നിന്ന് വിടപറയുന്നത്. ഇതില്‍ 26 പേര്‍ എസ് പി റാങ്കില്‍ ഉള്ളവരാണ്.

സെക്രട്ടേറിയറ്റില്‍ നിന്ന് 250ഓളം പേരാണ് വിരമിക്കുന്നത്. അമ്പതോളം പി എസ് സി ജീവനക്കാര്‍ വിരമിക്കുന്നുണ്ട്. റവന്യൂ വകുപ്പില്‍ നിന്നും ഒട്ടേറെ പേര്‍ വിരമിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷവും മാര്‍ച്ച് 31ന് കൂട്ട വിരമിക്കല്‍ നടന്നിരുന്നു. അന്ന് 20000 ജീവനക്കാരാണ് വിരമിച്ചത്.