വോട്ട് ആര്‍ക്കായാലും താരം പണ്ഡിറ്റ് തന്നെ!

Webdunia
വ്യാഴം, 10 ഏപ്രില്‍ 2014 (18:02 IST)
PRO
പോളിങ് ബൂത്തില്‍ പലരും താരങ്ങളാകാറുണ്ട്. രാഷ്ട്രീയ നേതാക്കള്‍ മുതല്‍ മന്ത്രിമാരും ശിങ്കിടികളും താരങ്ങളാകും. മറ്റുചിലപ്പോള്‍ വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങളും ക്യാമറകളുടെ മുന്നില്‍ ഷൈന്‍ ചെയ്യാറുണ്ട്. കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ താരമായത് യൂട്യൂബിലെ സൂപ്പര്‍ സെന്‍സേഷണല്‍ താരം സന്തോഷ് പണ്ഡിറ്റാണ്.

കോഴിക്കോട് മണ്ഡലത്തിലെ പൂവ്വാട്ടുപറമ്പ് എല്‍ പി സ്‌കൂളിലെ ബൂത്തില്‍ പണ്ഡിറ്റിനെന്താ കര്യം എന്ന് ചോദിക്കരുത്. ഇനി അറിയാന്‍ അത്ര നിര്‍ബന്ധമാണെങ്കില്‍ ഒന്നു ഞെട്ടാന്‍ തയ്യാറായിക്കോളു. ബൂത്തിലെ പോളിങ് ഓഫീസറാണ് പണ്ഡിറ്റ്. അത്രയാരും അറിയാത്ത പണ്ഡിറ്റിന്റെ മറ്റൊരു മുഖം.

ഇറിഗേഷന്‍ വകുപ്പ് സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായ പണ്ഡിറ്റിന് പോളിങ് ഡ്യൂട്ടിയില്‍ ഇത് രണ്ടാമൂഴമാണ്. കഴിഞ്ഞ തവണ കടലുണ്ടി സ്‌കൂളിലായിരുന്നു ആദ്യ ഊഴം. ഏതായാലും ബൂത്തില്‍ വോട്ടുചെയ്യാനെത്തുന്നവര്‍ക്ക് ‘സൂപ്പര്‍ സ്റ്റാര്‍’ കൈയില്‍ മഷിപുരട്ടിത്തരും.

എങ്കിലും ആരാധന മുഴുത്ത് ആരും ‘കൈ‘ കൊടുക്കാന്‍ അടുത്തെത്താത്തതിന്റെ ആശ്വാസത്തിലാണ് താരമിപ്പോള്‍.
പണ്ഡിറ്റ് സിനിമകള്‍ കണ്ടിട്ടുള്ളവര്‍ അധികമില്ലത്ത മേഖലയാകാമിതെന്ന് സഹപ്രവര്‍ത്തകര്‍ അടക്കം പറയുമ്പോഴും പണ്ഡിറ്റിന് കുലുക്കമില്ല.

വോട്ടു ചെയ്യാന്‍ പ്രായമാകാത്തവരും പട്ടികയില്‍ പേരില്ലാത്തവരുമെല്ലാം സന്തോഷ് പണ്ഡിറ്റിനെ ഒരുനോക്കുകാണാന്‍ മാത്രം ഇവിടെയെത്തി. അവര്‍ക്കുമുന്നില്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തോടെ പണ്ഡിറ്റ്.