പി സി വിഷ്ണുനാഥ് എംഎല്‍എയും കൊടിക്കുന്നില്‍ സുരേഷ് എംപിയും ചെങ്ങന്നൂര്‍ ബൈപ്പാസ് പ്രഖ്യാപനവുമായി വീണ്ടും രംഗത്ത്. ബൈപ്പാസിന് പതിനാലു കോടി രൂപ അനുവദിച്ചെന്നാണ് എംഎല്‍എ അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്‌ഷ്യമാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിനെതിരേ എതിരാളികള്‍ രംഗത്ത് എത്തിക്കഴിഞ്ഞു.
കഴിഞ്ഞ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ നഗരത്തിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണുമെന്നും എംസി റോഡിലെ കുപ്പിക്കഴുത്ത് പാലമായ പുത്തന്‍വീട്ടില്‍ പടി പാലത്തെയും കല്ലിശേരി ഇറപ്പുഴ പാലത്തിലെയും ഗതാഗത തടസം അവസാനിപ്പിക്കുന്നതിനുവേണ്ടി ചെങ്ങന്നൂര്‍ ബൈപ്പാസ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തതാണ്. എന്നാല്‍ അഞ്ചുവര്‍ഷം പിന്നിട്ടിട്ടും ഇതിന്റെ പ്രാരംഭ നടപടികള്‍ പോലും ആരംഭിക്കാന്‍ എംപി, എംഎല്‍എമാര്‍ക്ക് സാധിച്ചിട്ടില്ല. ഈ വാഗ്ദാനത്തിന്റെ ചുവടു പിടിച്ചാണ് ഇപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ് ലക്‌ഷ്യമിട്ട് കല്ലിശേരിയില്‍ നിന്നും ആരംഭിച്ച് ഐടിഐ ജംഗ്‌ഷനില്‍ എത്തിച്ചേരുന്ന ഏഴു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ബൈപ്പാസ് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയതായി നിര്‍മിക്കുന്ന ബൈപ്പാസിന്റെ നീളം, വീതി, റോഡു കടന്നു പോകുന്ന വസ്തുക്കളുടെ സര്‍വെ നമ്പര്‍, ഏറ്റെടുക്കല്‍ തുടങ്ങിയവയെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിടാന്‍ ജനപ്രതിനിധികള്‍ തയ്യാറാകുന്നില്ല. 110 കെവി സബ് സ്റ്റേഷനു സമീപത്തുകൂടി റോഡു കടന്നു പോകുന്നതിന്റെ പ്രായോഗികതയും സംശയം ഉണര്‍ത്തുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ വിഷയങ്ങള്‍ മറ്റൊന്ന്. ഇത്തരം പ്രശ്നങ്ങളെ കുറിച്ച് അന്വേഷിക്കേണ്ട പിഡബ്ഡി റോഡു വിഭാഗം ചെങ്ങന്നൂരിലെ ഉദ്യോഗസ്ഥരോട് അന്വേഷിച്ചാല്‍ ഇത് സംബന്ധിച്ചുള്ള ഫയല്‍ കണ്ടിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.