വൈദ്യുതി ബോര്‍ഡില്‍ അനധികൃത നിയമനം?

Webdunia
വ്യാഴം, 21 ഏപ്രില്‍ 2011 (09:06 IST)
PRO
സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ച പട്ടിക മറികടന്ന് വൈദ്യുതി ബോര്‍ഡ് വര്‍ക്കര്‍ തസ്തികയിലേക്ക് അനധികൃത നിയമനത്തിന് നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. സുപ്രീംകോടതിയും ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലും അംഗീകരിച്ച 1978 പേരുടെ പട്ടികയാണ് നിലവിലുണ്ടായിരുന്നത്. എന്നാ‍ല്‍ ഇതിന് പുല്ലുവില പോലും കല്പിക്കാതെയാണ് 3500 ഓളം പേരുള്ള മറ്റൊരു പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇവരെ നിയമിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

1200 ദിവസത്തില്‍ കുറയാതെ ജോലി ചെയ്തവരെ ഉള്‍പ്പെടുത്തി വൈദ്യുതി ബോര്‍ഡ് തയ്യാറാക്കി നല്‍കിയ പട്ടികയ്ക്ക് 2004 ഡിസംബറില്‍ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ അംഗീകാരം നല്‍കിയിരുന്നു. ഈ പട്ടികയുടെ നേരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അവയെല്ലാം സുപ്രീംകോടതി തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് 2010 മാര്‍ച്ചില്‍ സുപ്രീംകോടതി ഈ പട്ടിക അന്തിമമായി അംഗീകരിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനെ മറികടന്ന് തയ്യാറാക്കിയ പുതിയ പട്ടികയില്‍ യൂണിയന്‍കാര്‍ക്ക് താത്പര്യമുള്ളവരുടെ പേരുകള്‍ മാത്രമാണുള്ളത്. 1200 ദിവസം ജോലി ചെയ്തവരെന്ന യോഗ്യത പോലും മറികടന്നുവെന്ന് ആരോപണമുണ്ട്.