വൈജ്ഞാനിക പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കണം

Webdunia
വൈജ്ഞാനിക വികസനത്തിന്‌ അത്യന്താപേക്ഷിതമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഭാഷാ ഇന്‍സ്റ്റിട്യൂട്ട് മുന്‍കൈയ്യെടുക്കണമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു.

കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്‍റെ നാല്‍പതാം വാര്‍ഷികാഘോഷത്തിന്‍റെ ഉദ്ഘാടനവും പുതിയ കെട്ടിടസമുച്ചയത്തിന്‍റെ ശിലാസ്ഥാപനവും തിരുവനന്തപുരത്ത്‌ നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ലാഭമുണ്ടാവില്ലെന്നതിനാലാണ് സ്വകാര്യ പ്രസാധകര്‍ പ്രസിദ്ധീകരിക്കാന്‍ മടിക്കുന്നത്. അതിനാള്‍ കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഭാഷാ ഇന്‍സ്റ്റിട്യൂട്ട് തയാറാകണം.

അന്യഭാഷകളിലെ സുപ്രധാന കൃതികളുടെ തര്‍ജ്ജമ പ്രസിദ്ധീകരിക്കണം. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കുന്നതിനു ശ്രമിക്കുകയും വേണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകള്‍, ശാസ്ത്രവിഷയങ്ങള്‍ എന്നിവ മലയാളത്തില്‍ പഠിപ്പിക്കാനാവി ല്ലെന്നും അതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ കഴിയില്ലെന്നുമുള്ള അന്ധവിശ്വാസത്തെ തര്‍ക്കാന്‍ കഴിഞ്ഞതാണ്‌ ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്‍റെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തനങ്ങളിലൂടെ ഭാഷാ ഇന്‍സ്റ്റിട്യൂട്ട് മലയാളഭാഷാ കല്‍പിത സര്‍വ്വകലാശാലയായി ഉയരണമെന്നും അതിനുള്ള ഔപചാരികമായ സാധ്യതകള്‍ക്ക്‌ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ചടങ്ങില്‍ ആധ്യക്ഷം വഹിച്ച വിദ്യാഭ്യാസ-സാംസ്കാരിക മന്ത്രി എം.എ.ബേബി പറഞ്ഞു.