കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായി ശ്രമിക്കുന്നതിനിടെ മരിച്ച നൌഷാദിന് ധനസഹായം നല്‍കിയതിനെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു എന്ന കേസില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ജനുവരി 10ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. ഹാജരാകുന്ന അന്നുതന്നെ വെള്ളാപ്പള്ളിക്ക് ജാമ്യം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഇതുസംബന്ധിച്ച കേസ് ബുധനാഴ്ച ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് ഇങ്ങനെ ഉത്തരവിട്ടത്. വെള്ളാപ്പള്ളിയുടെ പ്രസംഗത്തില്‍ തെറ്റൊന്നും കാണാനായില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമേ വെള്ളാപ്പള്ളി ചെയ്തുള്ളൂ എന്നും കോടതി പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന്‍റെ സി ഡി കോടതിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.
തന്നെ ജയിലിലടയ്ക്കാന്‍ സര്‍ക്കാര്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ടെന്നും വേണ്ടമെങ്കില്‍ ജയിലില്‍ കിടക്കാനും തയ്യാറാണെന്നും വെള്ളാപ്പള്ളി കോടതി ഉത്തരവിനോടുള്ള പ്രതികരണമായി മാധ്യമങ്ങളോട് പറഞ്ഞു.