എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ താന്‍ വേട്ടയാടിയിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. വെള്ളാപ്പള്ളി ആലുവയില്‍ നടത്തിയത് വിദ്വേഷ പ്രസംഗം തന്നെയായിരുന്നു എന്നും സുധീരന്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ ആലുവയില്‍ നടത്തിയത് വിദ്വേഷ പ്രസംഗം തന്നെയായിരുന്നു. വര്‍ഗീയ വിഭജനത്തിലേക്ക് നയിക്കുക എന്ന ലക്‍ഷ്യത്തോടെയാണ് അത് നടത്തിയത്. ആ ദൃശ്യങ്ങള്‍ കണ്ടാല്‍ അക്കാര്യം ആര്‍ക്കും മനസിലാകും - സുധീരന്‍ പറഞ്ഞു.
വെള്ളാപ്പള്ളിയെ ഞാന്‍ കഴിഞ്ഞ 18 വര്‍ഷമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. അത് തീര്‍ത്തും തെറ്റായ ഒരു പ്രസ്താവനയാണ്. ഞാന്‍ വെള്ളാപ്പള്ളിയെ വേട്ടയാടിയിട്ടില്ല. അങ്ങനെ ആരെയെങ്കിലും വേട്ടയാടുന്നത് എന്‍റെ രീതിയല്ല. ഇതുവരെയും ആരെയും വേട്ടയാടാന്‍ ശ്രമിച്ചിട്ടുമില്ല - സുധീരന്‍ വ്യക്തമാക്കി.
വെള്ളാപ്പള്ളിയോട് എനിക്ക് വ്യക്തിപരമായി ഒരു വിദ്വേഷവുമില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ നിലപാടുകളോട് വിയോജിപ്പുണ്ട് - സുധീരന്‍ പറഞ്ഞു.