വേണ്ടത്ര സംവരണം കിട്ടിയില്ലെന്ന് ഈഴവ സമുദായത്തില്‍ പെട്ടവര്‍ പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍. ഇരിങ്ങാലക്കുടയില്‍ മുകുന്ദപുരം എന്‍.എസ്.എസ്. യൂണിയന്‍ സംഘടിപ്പിച്ച നായര്‍ മഹാസമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പണിക്കര്‍.
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി സര്‍ക്കാര്‍ വകുപ്പുകളില്‍ അര്‍ഹമായതിനേക്കാള്‍ കൂടുതല്‍ സംവരണമാണ് ഈഴവര്‍ നേടിയെടുത്തിരിക്കുന്നത്. ഈഴവര്‍ അനര്‍ഹമായി സംവരണം നേടിയെടുക്കുന്നുണ്ടെന്ന് നാലകത്ത് സൂപ്പി ചെയര്‍മാനായ നിയമസഭാ കമ്മറ്റി പണ്ട് കണ്ടുപിടിച്ചിരുന്നു. ജോസഫ് കമ്മീഷനും ഇതേ കാര്യം തന്നെ ആവര്‍ത്തിച്ചിട്ടുണ്ട്.
സെക്രട്ടേറിയേറ്റു തൊട്ട് വില്ലേജ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളില്‍ അര്‍ഹരായ മറ്റ് സമുദായ അംഗങ്ങളേക്കാള്‍ കൂടുതലായി ഈഴവ ഉദ്യോഗസ്ഥരാണ് ഉള്ളതെന്ന് നായര്‍ സമുദായം മനസ്സില്‍ വയ്ക്കുകയും അതിനനുസരിച്ച് വോട്ട് ചെയ്യുകയും വേണം. അങ്ങിനെ ചെയ്തില്ലെങ്കില്‍ നായര്‍ സമുദായത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അതൊരു പാരയാവും - പണിക്കര്‍ പറഞ്ഞു.
ഈഴവര്‍ക്ക് നായര്‍ സമുദായത്തിനേക്കാള്‍ കൂടുതല്‍ സംവരണം ലഭിച്ചിട്ടുണ്ടെന്ന് തെളിയിച്ചാല്‍ മുട്ടിലിഴയാമെന്ന് എസ്.എന്‍.ഡി.പി. നേതാവ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇഴയുന്നതും ഇഴയാതിരിക്കുന്നതും വെള്ളാപ്പിള്ളിയുടെ കാര്യം, ഞാന്‍ മറ്റൊരു സമുദായത്തിലെ നേതൃത്വത്തെ അപമാനിക്കാറില്ല’ എന്ന് നാരായണപ്പണിക്കര്‍ പറഞ്ഞു.