വീണ്ടും പൊലീസ് ക്രൂരത; വടകരയില്‍ മധ്യവയസ്കന് ജനനേന്ദ്രിയത്തില്‍ മര്‍ദ്ദനം

Webdunia
ബുധന്‍, 12 ഫെബ്രുവരി 2014 (15:38 IST)
PRO
PRO
വീണ്ടും പൊലീസ് ക്രൂരത. കോഴിക്കോട് വടകരയില്‍ പ്രതിഷേധത്തിനിറങ്ങിയ മധ്യവയസ്കന് ജനനേന്ദ്രിയത്തില്‍ മര്‍ദ്ദനം. ദേശീയപാത കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെയാണ് പൊലീസ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിച്ചത്. പ്രകോപനമുണ്ടാക്കാതെ നടന്ന സമരത്തിന് നേരെയാണ് വടകര സിഐയുടെ നേതൃത്വത്തിലുള്ള പൊലീസുകാരുടെ ആക്രമണം.

ദേശീയപാത സമരസമിതി പ്രവര്‍ത്തകനാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു‍. ആറേഴ് പൊലീസുകാര്‍ ചേര്‍ന്ന് മധ്യവയസ്‌കന്റെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ പങ്കെടുത്ത സമരത്തിന് നേരെയാണ് പൊലീസ് അക്രമം അഴിച്ചു വിട്ടത്.

ഇതിന് മുന്‍പ് തിരുവനന്തപുരത്തും സമാന സംഭവം ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ദേശീയപാത സമരസമിതിയും സിപിഐയും സംയുക്തമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍.