വീട്ടമ്മയെ കൊന്ന പാസ്റ്റര്‍ക്കിപ്പോള്‍ ബ്ലേഡ് കമ്പനി!

Webdunia
തിങ്കള്‍, 31 ജനുവരി 2011 (18:23 IST)
PRO
PRO
മാമ്മൂട്‌ അമ്പാട്ടുവീട്ടില്‍ ജയിംസിന്റെ ഭാര്യ ഷീലയെ പാമ്പാടിയിലെ വാടകവീട്ടില്‍വച്ച്‌ ആസിഡ്‌ ഒഴിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയും പാസ്റ്ററുമായ രാജന്‍ സി ജോര്‍ജ് ജാമ്യത്തിലിറങ്ങി വീണ്ടും ബ്ലേഡ് കമ്പനിയുമായി രംഗത്ത്‌. നേരത്തെ പണം കൊടുത്തവരില്‍നിന്ന്‌ പലിശ വാങ്ങാനാണ്‌ ഇയാള്‍ ഇപ്പോള്‍ പല സ്‌ഥലങ്ങളിലും എത്തുന്നത്‌. നേരത്തെ ആവശ്യപ്പെട്ടതില്‍ കൂടുതല്‍ പലിശയാണ്‌ ഇയാള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്‌. ഇതിന്റെ പേരില്‍ ഇയാള്‍ ഭീഷണിമുഴക്കുന്നതായും ആരോപണമുണ്ട്.

പാമ്പാടിയിലെ കേസിനെത്തുടര്‍ന്ന്‌ അറസ്‌റ്റിലായിരുന്ന രാജന്‍ രണ്ടാഴ്‌ച മുമ്പാണ്‌ ജാമ്യത്തിലിറങ്ങിയത്‌. ഗള്‍ഫിലായിരുന്ന ഭാര്യ നാട്ടിലെത്തിയാണ്‌ ഇദ്ദേഹത്തെ ജാമ്യത്തിലിറക്കിയത്‌. കുറ്റപത്രം സമര്‍പ്പണം വൈകിയതിന്റെ മറവില്‍ ഇയാള്‍ ജാമ്യം നേടുകയായിരുന്നു. തട്ടിപ്പും തരികിടയുമായി നടന്നിരുന്ന പാസ്റ്റര്‍ മുമ്പും പണം പലിശക്ക് കൊടുക്കാറുണ്ടായിരുന്നു. ഇയാള്‍ ജയിലില്‍ പോയതോടെ പണവും പലിശയും ആരും നല്‍കാതായി. ജാമ്യത്തിലിറങ്ങിയ സമയം ഉപയോഗപ്പെടുത്തി പോയ പൈസ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പാസ്റ്റര്‍.

കഴിഞ്ഞ ഒക്‌ടോബറില്‍ ഷീലയും രണ്ട്‌ കുട്ടികളും മാമ്മൂടിന്‌ സമീപം തകടിയില്‍ പാസ്‌റ്ററിന്റെ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കാനായി എത്തിയതോടെയാണ് കേസിനാസ്‌പദമായ സംഭവത്തിന്‍റെ തുടക്കം. വാടക വാങ്ങുന്നതിനുവേണ്ടി എത്തിയ പാസ്‌റ്റര്‍ ഒരുദിവസം കണ്ടത് ഷീലയും ടാക്സി ഡ്രൈവറായ ഷിബുവും തമ്മില്‍ അവിഹിതബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ്. ഈ വിവരം പുറത്തുപറയാതിരിക്കുവാന്‍ പാസ്‌റ്റര്‍ക്കും ഷീല വഴങ്ങിക്കൊടുത്തു.

ഒരേസമയം രണ്ട്‌ കാമുകന്മാരെ തൃപ്‌തിപ്പെടുത്തിക്കൊണ്ടിരുന്ന ഷീലയ്‌ക്ക് കൂടുതല്‍ താല്‌പര്യം ഷിബുവിനോടായിരുന്നു. എങ്കിലും പാസ്‌റ്ററുടെ കൈയിലെ പണം മോഹിച്ച്‌ പാസ്‌റ്ററോട്‌ ഷീല കൂടുതല്‍ അടുപ്പം കാട്ടി. പാസ്റ്ററുടെ പക്കല്‍ നിന്നും ലക്ഷങ്ങള്‍ തന്നെ വാങ്ങി ഷീല ഷിബുവിന് കൊടുത്തു. പ്രമേഹരോഗികൂടിയായ പാസ്‌റ്ററെ അവള്‍ ക്രമേണ ഒഴിവാക്കുവാന്‍ തുടങ്ങി. തനിക്ക് ഷീലയെയും പണവും നഷ്ടപ്പെടും എന്ന് തിരിച്ചറിഞ്ഞ പാസ്റ്റര്‍ ഷീലയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തുടര്‍ന്ന് ഷീല പ്രദേശത്തെ സി‌പി‌എം നേതാവായ ബിനുവിന്റെ സഹായം തേടി.

ബിനുവുമായുള്ള ഷീലയുടെ ബന്ധം അതിവേഗം വളരുകയും ഷിബുവിനെ ഷീല ഒഴിവാക്കുകയും ചെയ്തു. ഷീലയുടെ എല്ലാ കാര്യങ്ങള്‍ക്കും ബിനുവിന്‍െറ വാക്ക്‌ അവസാന വാക്കായി മാറി. ഈ അവസരം മുതലെടുത്ത്‌, ഷീലയുടെ ഭര്‍ത്താവിന്‍െറ പേരില്‍ പെരുമ്പനച്ചിയിലുണ്ടായിരുന്ന സ്‌ഥലം ഷീലയുടെ പേരിലേക്ക് മാറ്റാനുള്ള സഹായം ബിനു ചെയ്തുകൊടുത്തു. ഈ സ്‌ഥലം ബിനു തന്നെ ഇടനിലക്കാരനായി നിന്ന്‌ വില്‍ക്കുകയും ചെയ്‌തു. പലിശ നല്‍കാമെന്ന്‌ പറഞ്ഞ്‌ ആ പണം മുഴുവന്‍ ബിനു കൈക്കലാക്കി.

നടന്നതൊക്കെ അറിഞ്ഞപ്പോള്‍ പാസ്റ്റര്‍ക്ക് കലികയറി. കൃത്യം നടക്കുന്നതിന്‍െറ തലേദിവസം ബിനുവിന്‍െറ വീട്ടിലെത്തി പാസ്‌റ്റര്‍ ബിനുവിനോട്‌ താന്‍ ഷീലയെ ഒന്ന് വിരട്ടാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് പറഞ്ഞുവത്രെ. അപ്പോള്‍ ബിനുവാണ്‌ ഷീലയുടെ മേല്‍ ആസിഡ്‌ ഒഴിക്കുവാന്‍ പാസ്‌റ്ററെ ഉപദേശിച്ചത്. ആസിഡ്‌ ഒഴിച്ചതിനെത്തുടര്‍ന്ന്‌ കോട്ടയം മെഡിക്കല്‍ കോളജിലും പിന്നീട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്ന ഷീല രണ്ടാഴ്‌ചയ്‌ക്കുശേഷം മരിച്ചു.