പി കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നൊരു റിപ്പോര്‍ട്ട് ഇല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അത്തരമൊരു റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിയ്ക്ക് ലഭിച്ചിട്ടില്ലെന്നും കാരാട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
എസ്എന്‍സി ലാവലിന്‍ കേസില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുടുക്കാന്‍ വിഎസ് അച്യുതാനന്ദന്‍ നീക്കം നടത്തിയെന്നതാണ് പി കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ദല്ലാള്‍ നന്ദകുമാറുമായി വി എസിന് ബന്ധമുണ്ട് എന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് വ്യാഴാഴ്ച സംസ്ഥാന സമിതി അംഗീകരിച്ചിരുന്നു. സംസ്ഥാന സമിതി ഇത് കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.
വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ് രാജേന്ദ്രന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പി കരുണാകരന്‍ കമ്മീഷന്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്. എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുടുക്കാനായി വി എസ് ചില രഹസ്യനീക്കങ്ങള്‍ നടത്തിയെന്നും ഇതിന് ദല്ലാള്‍ കുമാറിന്‍റെ സഹായം ലഭിച്ചു എന്നുമാണ് രാജേന്ദ്രന്‍ പരാതി നല്‍കിയത്. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് പി കരുണാകരന്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വി കെ ബാലി, ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ എന്നിവരെ വി എസ് കണ്ടതായും കേസ് സി ബി ഐക്ക് വിടാനായി അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടും ആരോപണങ്ങളും കേന്ദ്രക്കമ്മിറ്റി പരിഗണിക്കുമ്പോള്‍ വി എസ് കൂടുതല്‍ പ്രതിരോധത്തിലാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
വളരെ മുമ്പുതന്നെ വി എസിന് ദല്ലാള്‍ കുമാറുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഡാറ്റാ സെന്‍റര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട് കുമാറിന് ഇടനിലക്കാരനെന്ന നിലയില്‍ വലിയ സാമ്പത്തിക നേട്ടമുണ്ടായെന്നും വി എസിന്‍റെ കേസ് നടത്തിപ്പുകള്‍ക്ക് ഈ പണം സഹായകമായെന്നും മറ്റും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടിനെ ജനം പുച്ഛിച്ച് തള്ളുമെന്ന് വി എസ് ഇന്നലെ പ്രതികരിച്ചിരുന്നു. എന്നാല്‍ കേന്ദ്രക്കമ്മിറ്റിയില്‍ വി എസിന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടിവരും.
വി എസിന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാതെ വിഷമിച്ചിരിക്കുന്ന സംസ്ഥാന സമിതിക്ക് പി കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുതിയ ഉണര്‍വ് പകര്‍ന്നിരിക്കുകയാണ്.