വി എസ് അച്യുതാനന്ദനെതിരായ പാര്‍ട്ടിപ്രമേയം അദ്ദേഹത്തിനെതിരായ അച്ചടക്ക നടപടിയല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെ ഉന്നതഘടകമായ പോളിറ്റ് ബ്യൂറോയെയും കേന്ദ്ര കമ്മിറ്റിയെയുമൊക്കെ തെറ്റിദ്ധാരണയുടെ നിഴലില്‍ നിര്‍ത്തുന്ന പ്രസ്താവനകള്‍ വന്നപ്പോള്‍ പാര്‍ട്ടിയെ പ്രതിരോധിക്കുക എന്ന ചുമതല സംസ്ഥാന സെക്രട്ടേറിയറ്റിനുണ്ടെന്നും അത് നിറവേറ്റുന്നതിന്‍റെ ഭാഗമായാണ് പ്രമേയമെന്നും കോടിയേരി വ്യക്തമാക്കി.
പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന ഘടകത്തെയും ഒഴിവാക്കിക്കൊണ്ട് ഒരു സമാന്തര പാര്‍ട്ടി സംവിധാനത്തിന് നേതൃത്വം നല്‍കുമെന്ന രീതിയിലാണ് വി എസിന്‍റെ പ്രസ്താവനകള്‍. അങ്ങനെയുള്ള ഒരു നിലപാടും പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ല. പാര്‍ട്ടിയുടെ നിലപാടാണ് സംസ്ഥാന സെക്രട്ടറി പറയുന്നത്. അല്ലാതെ പഴയ സെക്രട്ടറിയുടെ നിലപാട്, പുതിയ സെക്രട്ടറിയുടേ നിലപാട് എന്നൊന്നുമില്ല. പാര്‍ട്ടിനിലപാടിനൊപ്പം നില്‍ക്കാന്‍ വി എസിന് കഴിയുന്നില്ല. പാര്‍ട്ടിയുടേതില്‍ നിന്ന് വ്യത്യസ്തമായ വീക്ഷണങ്ങളടങ്ങിയ പൊതുപ്രസ്താവനകള്‍ ചെയ്യരുതെന്നും പാര്‍ട്ടിയുടെ പൊതുവായ തീരുമാനങ്ങള്‍ക്ക് വഴങ്ങണമെന്നുമാണ് പ്രമേയം വി എസിനോട് ആവശ്യപ്പെടുന്നത് - കോടിയേരി വ്യക്തമാക്കി.
യു ഡി എഫ് പ്രതിസന്ധിയിലാകുന്ന സമയത്തെല്ലാം അതില്‍ നിന്നു ശ്രദ്ധതിരിച്ചുവിടാന്‍ വി എസ് ശ്രമിക്കുന്നതായി പാര്‍ട്ടി നേരത്തേ തന്നെ വിലയിരുത്തിയിട്ടുണ്ട്. ഇപ്പോഴും വി എസ് അതുതന്നെയാണ് തുടരുന്നതെന്നും കോടിയേരി വ്യക്തമാക്കി.
വി എസിന്‍റെ പ്രസ്താവനകള്‍ വിഭാഗീയ ഉദ്ദേശ്യത്തോടെയുള്ളതാണെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിവിധ പാര്‍ട്ടി നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചകളെപ്പോലും തെറ്റിദ്ധാരണയുടെ പുകമറയില്‍ നിര്‍ത്തി വി എസ് അവതരിപ്പിക്കുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.