വിഹിതം തടഞ്ഞത് വ്യവസ്ഥ ലംഘിച്ചതിനാല്‍: തോമസ്

Webdunia
ശനി, 16 ജനുവരി 2010 (09:48 IST)
PRO
പൊതുവിതരണത്തിനു നല്‍കിയ അരിയും ഗോതമ്പും വ്യവസ്ഥാ വിരുദ്ധമായി സംസ്ഥാനം സ്വകാര്യ മില്ലുകള്‍ക്ക് വിറ്റതായി കേന്ദ്ര കൃഷി സഹമന്ത്രി കെ.വി.തോമസ്‌ പറഞ്ഞു. വ്യവസ്ഥ ലംഘിച്ചതിനാലാണ് ഓപ്പണ്‍ മാര്‍ക്കറ്റ്‌ സെയില്‍സ്‌ സ്കീം (ഒഎംഎസ്‌എസ്‌) പ്രകാരം സംസ്ഥാനത്തിനുള്ള വിഹിതം തടഞ്ഞു വച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് അനുവദിച്ച അരി മുഴുവന്‍ എടുക്കാന്‍ കേരളം തയ്യാറായിട്ടില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സംസ്ഥാനം കേന്ദ്രത്തിനെതിരെ മനപ്പൂര്‍വം ഏറ്റുമുട്ടലിന് ശ്രമിക്കുകയാണ്. വില കൂടുതലായതിനാല്‍ അരി എടുക്കാന്‍ സംസ്ഥാനം തയാറല്ലെന്ന സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രസ്‌താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌.

എപിഎല്‍ വിഭാഗത്തിന്‌ അനുവദിച്ചതില്‍ ആകെ 17,356 ടണ്‍ അരിയും 14,240 ടണ്‍ ഗോതമ്പും മാത്രമേ കേരളം എടുത്തിട്ടുള്ളു. സമയം നീട്ടിനല്‍കണമെന്ന ആവശ്യം അംഗീകരിച്ചെങ്കിലും കേരളം നടപടിയെടുത്തിട്ടില്ല. ഒഎംഎസ്‌എസില്‍ 25,675 ടണ്‍ അരിയും 40,660 ടണ്‍ ഗോതമ്പും അനുവദിച്ചു. ഇതില്‍ 23,634 ടണ്‍ ഗോതമ്പും 70 ടണ്‍ അരിയും മാത്രമേ ഏറ്റെടുത്തു വിതരണം ചെയ്‌തുള്ളു. ഇത് സ്വകാര്യ മില്ലുകള്‍ക്കാണ് വിതരണം നടത്തിയത്.

ഉല്‍‌സവ കാലത്ത് തമിഴ്നാട് മോഡലില്‍ സംസ്ഥാനത്ത് ഭക്‍ഷ്യസാധന കിറ്റ് വിതരണം പോലുള്ള പദ്ധതി നടപ്പിലാക്കാനായി മന്ത്രിമാരായ സി.ദിവാകരന്‍, ജി.സുധാകരന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതായി തോമസ് അറിയിച്ചു. അരി, ഗോതമ്പ്‌ /റവ, പഞ്ചസാര, സസ്യ എണ്ണ, ഉള്ളി ഉള്‍പ്പെടെ എളുപ്പം കേടാവാത്ത പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങി 18 സാധനങ്ങളെങ്കിലും കേരളത്തിലെ കിറ്റില്‍ ഉള്‍പ്പെടുത്താനാണ്‌ ആലോചിക്കുന്നത്.

വിലക്കയറ്റം നിയന്ത്രിക്കാന്‍ നാഫെഡ് അടക്കമുള്ള ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം വിപണിയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തും. സംസ്ഥാനത്തിന്‍റെ തട്ടിപ്പ്‌, വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ ചര്‍ച്ചചെയ്യാനുള്ള മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും. പൂഴ്ത്തിവയ്പു തടയുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടാല്‍ കേന്ദ്രം ഇടപെടുമെന്നും തോമസ് വ്യക്തമാക്കി.