വിഭാഗീയത ചര്‍ച്ചാവിഷയമായിട്ടില്ല: വി എസ്

Webdunia
ശനി, 20 ഓഗസ്റ്റ് 2011 (13:34 IST)
PRO
PRO
കെ എ റൌഫുമായി തൃശൂര്‍ രാമനിലയത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സി പി എമ്മിലെ വിഭാഗീയതയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. റൌഫിനെ ഭീഷണിപ്പെടുത്താന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ ശ്രമിക്കുകയാണെന്ന് തന്നോട് പറഞ്ഞിരുന്നു. നേരിട്ടല്ലാത്ത മാര്‍ഗത്തിലൂടെയാണ് ജീവന്‍ അപകടപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നത് എന്നും പറഞ്ഞു. ഇതേക്കുറിച്ച് വിശദമായ പരാതി എഴുതി നല്‍കാന്‍ താന്‍ ആവശ്യപ്പെടുകയും ചെയ്തു- വി എസ് പറയുന്നു.

ഐസ്ക്രീം പാര്‍ലര്‍ കേസിനെക്കുറിച്ചും ചര്‍ച്ച ചെയ്തു‌. വിഭാഗീയത ചര്‍ച്ച ചെയ്തു എന്ന് റൌഫ് പറയാന്‍ ഇടയില്ലെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ചയില്‍ താനും വി എസും വിഭാഗീയത ചര്‍ച്ച ചെയ്തു എന്നും പാര്‍ട്ടിയിലെ ചില പ്രമുഖര്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ വി എസ് ആവശ്യപ്പെട്ടു എന്നുമുള്ള റൌഫിന്റെ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വി എസ്. ഇക്കാര്യങ്ങള്‍ക്ക് പിന്നില്‍ പി കെ കുഞ്ഞാലിക്കുട്ടിയാണ്. ഐസ്ക്രീം പാര്‍ലര്‍ കേസും വിജിലന്‍സ് കേസും സജീവമായതോടെയാണ് കുഞ്ഞാലിക്കുട്ടി എന്ന വിദ്വാന്‍ ഇത്തരം വിദ്യകളുമായി രംഗത്തെത്തിയത്. മാധ്യമങ്ങളെ കൂട്ടുപിടിച്ച് തന്നെ ആക്രമിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം ജാലവിദ്യകള്‍ തനിക്കെതിരെ ചെലവാകില്ലെന്നും വി എസ് പറഞ്ഞു.

ഐസ്ക്രീം കേസില്‍ തേച്ചുമായ്ച്ചു കളയാനാണ്‌ കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. കോഴിക്കോട്ട്‌ രണ്ട്‌ പെണ്‍കുട്ടികള്‍ കൈ കോര്‍ത്ത് പിടിച്ച് ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവം ആരും മറന്നിട്ടില്ല. ഈ കേസില്‍ സാക്ഷികളെ പോലും കുടുക്കാന്‍ ശ്രമം നടക്കുന്നതായാണ് വിവരം. കേസിലെ രേഖകള്‍ തിരുത്താന്‍ പൊലീസിനെയും ജഡ്ജിമാരെയും സ്വാധീനിച്ചതിന്‌ തെളിവുകളുണ്ട്‌. എന്നാല്‍ കുറ്റവാളികള്‍ക്ക്‌ ഒരിക്കലും രക്ഷപ്പെടാനാവില്ല. കാസര്‍കോട്‌ വെടിവയ്പ്പ്‌ കേസ്‌ അന്വേഷിച്ച നിസാര്‍ കമ്മിഷനെ പിരിച്ചുവിട്ടത് കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനം മൂലമാണ്. മുസ്ലീം ലീഗ്‌ വര്‍ഗീയകലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കമ്മിഷന്റെ കണ്ടത്തലില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനായിരുന്നു ഇത് എന്നും വി എസ് ആരോപിച്ചു.