വിദ്യാര്‍ത്ഥിനികളെ ലക്‌ഷ്യമിട്ട് എബിവിപി

Webdunia
തിങ്കള്‍, 18 ജനുവരി 2010 (15:39 IST)
PRO
PRO
സാമൂഹ്യമാറ്റത്തിനായി വിദ്യാര്‍ത്ഥിനി സമൂഹത്തെയും ലക്‌ഷ്യമിട്ട് എ ബി വി പി സംസ്ഥാന വിദ്യാര്‍ത്ഥിനി സമ്മേളനം സംഘടിപ്പിക്കുന്നു. ജനുവരി 23, 24 തീയതികളില്‍ കാസര്‍കോട് വെച്ചാണ് എ ബി വി പിയുടെ സംസ്ഥാനതല വിദ്യാര്‍ത്ഥിനി സമ്മേളനം നടക്കുന്നത്. ഭാരവഹികള്‍ കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

സാംസ്കാരിക ബോധവും രാജ്യസ്നേഹവും നേതൃത്വഗുണവുമുള്ള വിദ്യാര്‍ത്ഥിനി സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ് കാസര്‍കോട് വെച്ച് സംസ്ഥാന വിദ്യാര്‍ത്ഥിനി സമ്മേളനം നടക്കും. എ ബി വി പിയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇത്.

സമ്മേളനത്തോടനുബന്ധിച്ച് പ്രത്യേകം സജ്ജമാക്കുന്ന സ്മൃതി നഗറില്‍ (മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍) കര്‍ണ്ണാടകയിലെ എം എല്‍ സി മെമ്പറും സാഹിത്യകാരിയുമായ എസ് ആര്‍ ലീല സമ്മേളനം ഉദ്ഘാടനം ചെയ്യും. അഖിലഭാരതീയ മഹിള സമന്വയ സംയോജക ശ്രീഗീത ഗുണ്ടെ (മഹാരാഷ്ട്ര) മുഖ്യപ്രഭാഷണം നടത്തും.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ കേരളത്തിലെ വിവിധ ക്യാമ്പസുകളില്‍ നിന്നായി തെരഞ്ഞെടുത്ത 200 പ്രതിനിധികളായിരിക്കും പങ്കെടുക്കുക. സമ്മേളനത്തോടനുബന്ധിച്ച് 23ന് വൈകുന്നേരം നാലുമണിക്ക് പ്രകടനവും, പുതിയ ബസ് സ്റ്റാന്‍റ് പരിസരത്ത് പൊതു സമ്മേളനവും നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ എ ബി വി പി ദേശീയ നിര്‍വ്വാഹക സമിതി അംഗം എം കെ ശ്രീലത, സ്വാഗത സംഘം ജന:സെക്രട്ടറി കെ സവിത ടീച്ചര്‍, സംസ്ഥാന സമിതി അംഗം ശാലിന, ജില്ലാ കണ്‍വീനര്‍ ആര്‍ പ്രിയേഷ് നായക് എന്നിവര്‍ പങ്കെടുത്തു.