വിട്ടുവീഴ്ചയ്ക്കില്ല; ജോര്‍ജിനെ നീക്കണം: നിലപാട് കടുപ്പിച്ച് മാണി

Webdunia
വെള്ളി, 27 മാര്‍ച്ച് 2015 (11:46 IST)
പി സി ജോര്‍ജിന് എതിരായ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി ചെയര്‍മാനും സംസ്ഥാന ധനമന്ത്രിയുമായ കെ എം മാണി. മധ്യസ്ഥശ്രമങ്ങള്‍ക്കായി മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് മാണിയുടെ വീട്ടില്‍ എത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് മാണി തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചത്.
 
ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കണമെന്നതു തന്നെയാണ് തന്റെ നിലപാട് എന്നും അതില്‍ മാറ്റമില്ലെന്നും മാണി കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജോര്‍ജിന്റെ രാജിക്കാര്യത്തില്‍ താന്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും മാണി വ്യക്തമാക്കി. ജോര്‍ജിനെതിരെ നടപടി വേണമെന്ന നിലപാടില്‍ ഉറച്ചു നില്ക്കുകയാണെന്നും മാണി.
 
രാവിലെ, മുഖ്യമന്ത്രി മുന്നിട്ട് സമവായശ്രമങ്ങള്‍ നടത്തിരുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരോടൊപ്പം പി സി ജോര്‍ജുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ സമവായശ്രമങ്ങളുടെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടി മാണിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത്.
 
യു ഡി എഫിനൊപ്പം നില്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും കേരള കോണ്‍ഗ്രസ് വിട്ടാലും പുതിയ ഘടകകക്ഷിയായി താന്‍ യു ഡി എഫിനൊപ്പം ഉണ്ടാകുമെന്നും ജോര്‍ജ് യു ഡി എഫ് നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍, മറ്റൊരു ഘടകകക്ഷിയായി യു ഡി എഫില്‍ തുടരുന്നതിനുള്ള ബുദ്ധിമുട്ട് നേതാക്കള്‍ പി സി ജോര്‍ജിനെ അറിയിച്ചു.