വികാരത്തിന് അടിപ്പെട്ട് പ്രവര്‍ത്തിക്കരുതെന്ന് ആര്‍എസ്പിയോട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് ആര്‍എസ്പി മുന്നണിയില്‍ ഉറച്ച് നില്‍ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
ലോക്‌സഭാ സീറ്റിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് പരിഹരിക്കുക എന്നതാണ് എല്‍ഡിഎഫ് എല്ലാക്കാലത്തും തുടര്‍ന്നുവന്ന ശൈലി.
വികാരത്തിന് അടിമപ്പെട്ട് അതില്‍ നിന്നും വ്യതിചലിക്കുന്നത് ഇടതുപക്ഷ ഐക്യത്തെ തകര്‍ക്കുമെന്നും പിണറായി പത്രക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിനെയും ബിജെപിയെയും എതിര്‍ത്തു തോല്‍പ്പിക്കുന്നതില്‍ ഇക്കാലമത്രയും ഏറെക്കുറെ വലിയ സംഭാവനകള്‍ നല്‍കിയ ആര്‍എസ്പി ഇടതുപക്ഷ ഐക്യത്തെ തകര്‍ക്കുന്ന നടപടികള്‍ എടുക്കില്ലെന്നാണ് കരുതുന്നതെന്നും പിണറായി വ്യക്തമാക്കി.
ഇടതുപക്ഷ ഐക്യം ഊട്ടി ഉറപ്പിക്കാനുള്ള കടമ എല്ലാ ഇടതുപക്ഷ പാര്‍ട്ടികൾക്കും ഉണ്ടെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.