വികലാംഗയെ അവഗണിച്ചു എന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നാണ് വിഡി സതീശന്‍

Webdunia
ശനി, 14 ഡിസം‌ബര്‍ 2013 (11:51 IST)
PRO
PRO
ജയിലില്‍ മുന്നില്‍ പരാതി പറയാന്‍ കാത്തുനിന്ന വികലാംഗയായ സ്ത്രീയെ എം എല്‍ എമാര്‍ ക്രൂരമായി അവഗണിച്ചു എന്ന വാര്‍ത്തയ്ക്ക് വി ഡി സതീശന്‍ എംഎല്‍എയുടെ മറുപടി. വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സതീശന്‍ ആരോപിക്കുന്നത്. ഗള്‍ഫ് സന്ദര്‍ശനത്തിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പ്രതികരണം അറിയിച്ചത്.

ജയില്‍ സുരക്ഷയെക്കുറിച്ച് പഠിക്കാനായി താനും മറ്റ് അഞ്ച് എംഎല്‍എമാരും എത്തിയപ്പോഴാണ് സംഭവം ഉണ്ടായതെന്ന് എംഎല്‍എ പറയുന്നുണ്ട്. എന്നാല്‍ അവിടെ പബ്ലിക്കിന് പരാതി പറയേണ്ട ആവശ്യം ഇല്ലായിരുന്നു. അതിനാല്‍ തന്നെ അവര്‍ക്ക് പരാതിയില്ലായിരുന്നു എന്ന് എംഎല്‍എ കൂട്ടിച്ചേര്‍ക്കുന്നു. ആ സ്ത്രീയുടെ ഭര്‍ത്താവ് കഞ്ചാവ് കേസില്‍ ജയിലില്‍ ആയ വ്യക്തിയാണ് എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തന്റെ ഭര്‍ത്താവിനെ രക്ഷിക്കണമെന്ന് അവര്‍ പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് എന്തു ചെയ്യാനാകുമെന്നും ചോദിക്കുന്നുണ്ട്.

നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി അംഗങ്ങളായ വി ഡി സതീശന്‍, കെ മുരളീധരന്‍, എ കെ ശശീന്ദ്രന്‍, അഹമ്മദ് കബീര്‍, സി മോയിന്‍കുട്ടി എന്നിവര്‍ പൂജപ്പുര ജയില്‍ സന്ദര്‍ശിച്ചപ്പോഴാണ് വിവാദമായ സംഭവം നടന്നത്. ജയിലിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ എം എല്‍ എമാര്‍ക്ക് മുന്നിലേക്ക് പരാതിയുമായി വികലാംഗയായ സ്ത്രീ എത്തി. കൈ ഉയര്‍ത്തി മുന്നോട്ടാഞ്ഞ സ്ത്രീ അടിതെറ്റി എം എല്‍ എമാര്‍ക്ക് മുന്നിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.

എന്നാല്‍ ഈ സ്ത്രീയുടെ പരാതി ചോദിച്ചുമനസ്സിലാക്കാന്‍ എംഎല്‍എമാര്‍ തയ്യാറായില്ല എന്നാണ് ആക്ഷേപം. തങ്ങളുടെ ഭാഗത്ത് വീഴ്ച ഇല്ലെന്നും സ്ത്രീയ്ക്ക് പരാതി ഒന്നും ഇല്ലായിരുന്നു എന്നുമാണ് കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.