വിഎസിനെതിരെ നടപടി ഉണ്ടായേക്കും

Webdunia
ലാവ്‌ലിന്‍ കേസില്‍ പ്രതിയെന്ന സിബിഐ കണ്ടെത്തിയ പിണറായി വിജയനെ നിയമപരമായും രാഷ്ട്രീയമായും രക്ഷിക്കാന്‍ സിപിഎം പൊളിറ്റ്‌ബ്യൂറോ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവസരോചിതമല്ലാത്ത മൌനം പുലര്‍ത്തിയതിന് കേരളാ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന. പാര്‍ട്ടി വൃത്തങ്ങളാണിത് സൂചിപ്പിച്ചത്.

പിണറായി വിജയന്‍ നയിക്കുന്ന നവകേരളയാത്രയില്‍ നിന്ന് ഒഴിഞ്ഞുനില്‍‌ക്കാനായി ഡല്‍‌ഹിയിലെത്തിയ മുഖ്യമന്ത്രിയുമായി ഇന്നലെ രാത്രി മാധ്യമപ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നു. തന്റെ പിണറായി വിരുദ്ധ നിലപാടുകളില്‍ നിന്ന് ഒരണു പോലും വ്യതിചലിക്കാന്‍ തയ്യാറല്ലെന്നാണ് വി.എസ് നല്‍‌കുന്ന സൂചന. പിണറായിയെ ഒരുതരത്തിലും ന്യായീകരിക്കാന്‍ വി.എസ് തയ്യാറായില്ല.

സി.പി.എം വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമോ എന്ന ചോദ്യത്തിന് താന്‍ ഊഹാപോഹങ്ങളോട് പ്രതികരിക്കാറില്ലെന്ന് വി.എസ് പറഞ്ഞു. കേരളത്തില്‍ സി.പി.എം പിളര്‍പ്പിലേക്ക് നീങ്ങുകയാണോ എന്ന് ചോദിച്ചതിന് ‘നോ കമന്റ്സ്’ എന്നായിരുന്നു മറുപടി. താനൊരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും എന്നാല്‍ അതേസമയം ജനങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ള സര്‍ക്കാരിന്റെ മുഖ്യമന്ത്രി കൂടിയാണെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

പൊളിറ്റ്‌ബ്യൂറോയുടെ നിലപാടുകളെ ഡല്‍ഹിയില്‍ വച്ചുതന്നെ പരസ്യമായി നിരാകരിച്ച വിഎസിനെ വച്ചുപൊറുപ്പിക്കാന്‍ ഔദ്യോഗിക നേതൃത്വം തയ്യാറായേക്കില്ല എന്നാണ് സൂചന. എസ്‌.എന്‍.സി ലാവ്‌ലിന്‍ കേസ്‌ സംബന്‌ധിച്ച നിലപാട്‌ തീരുമാനിക്കാന്‍ ഫെബ്രുവരി 14 -ന് ചേരുന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തില്‍ വച്ച് അച്യുതാനന്ദനതിരെ അച്ചടക്കനടപടി ഉണ്ടാവും എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.