വാട്‌സ് ആപ്പിലൂടെ ദേശ വിരുദ്ധ സന്ദേശങ്ങള്‍ അയച്ച രണ്ട് മലയാളികള്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 9 ഡിസം‌ബര്‍ 2013 (14:01 IST)
PRO
PRO
വാട്‌സ് ആപ്പിലൂടെ ദേശ വിരുദ്ധ സന്ദേശങ്ങള്‍ കൈമാറുകയും രാജ്യത്തിന്റെ തെറ്റായ ഭൂപടം പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് മലയാളികള്‍ അറസ്റ്റില്‍. കാസര്‍കോട് ആദൂരിലെ മുഹമ്മദ് സിറാജുദ്ദീന്‍, പി എം ഉസ്മാന്‍ എന്നിവരാണ് പിടിയിലായത്. കാസര്‍കോട് സ്വകാര്യ ബസിന് നേരെ അക്രമം നടത്തിയ കേസിലെ പ്രതികളാണ് സിറാജുദ്ദീനും ഉസ്മാനും. ദേശവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇവരെ കൂടാതെ മറ്റു പലരും പിടിയിലാകാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍.

ഇവരുടെ ഫോണുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇവര്‍ അയച്ച സന്ദേശങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

ഡിസംബര്‍ ആറിനാണ് ഇവര്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും ദേശവിരുദ്ധ സന്ദേശമയച്ചതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ സുഹൃത്തുക്കള്‍ക്കും അയച്ച സന്ദേശത്തിലെ ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് കശ്മീര്‍ വെട്ടിമാറ്റിയ നിലയിലാണ്.