കിളിമാനൂർ: ബസ് യാത്രയ്ക്കിടെ വയോധികയുടെ മൂന്നര പവന്റെ സ്വർണ്ണമാല കവർന്നതുമായി ബന്ധപ്പെട്ട തമിഴ്‌നാട് തൂത്തുക്കുടി ശിവനഗർ സ്വദേശി അഭിരാമി എന്ന ഇരുപത്തിനാലുകാരിയെ പോലീസ് അറസ്റ് ചെയ്തു. നിലമേൽ സ്വദേശി റഷീദാബീവിയുടെ മാലയാണ് കെ.എസ.ആർ.ടി.സി ബസ് യാത്രയ്ക്കിടെ അഭിരാമി കവർന്നത്.
കഴിഞ്ഞ ദിവസം രാവിലെ നിലമേലിൽ നിന്ന് പാങ്ങോട്ടേക്ക് പോകുംവഴിയായിരുന്നു സംഭവം. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിൽ നിന്നു കാറേറ്റിൽ ഇറങ്ങുമ്പോഴാണ് മാല കാണാനില്ലെന്ന വിവരം റഷീദ അറിഞ്ഞത്. ഇവരുടെ നിലവിളികേട്ട് യാത്രക്കാർ പരിശോധന തുടങ്ങിയപ്പോൾ അഭിരാമി ബസിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു.
ബസ് ജീവനക്കാരും യാത്രക്കാരും യുവതിയെ തടയുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് വനിതാ പോലീസ് എത്തി പരിശോധിച്ചപ്പോൾ യുവതിയിൽ നിന്ന് മാല കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.