വടകരയില്‍ പോര്: യുഡി‌എഫ് യോഗത്തില്‍നിന്ന് മുല്ലപ്പള്ളി ഇറങ്ങിപ്പോയി

Webdunia
ശനി, 1 മാര്‍ച്ച് 2014 (14:37 IST)
PRO
PRO
യുഡിഎഫിന്റെ കോഴിക്കോട് ജില്ലാ കണ്‍വന്‍ഷന്‍ യോഗത്തില്‍ നിന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇറങ്ങിപ്പോയി. മുല്ലപ്പള്ളി കൈവശം വച്ചിരിക്കുന്ന വടകര സീറ്റ് എസ്ജെഡിക്ക് വിട്ടുകൊടുക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കമാണ് മുല്ലപ്പള്ളിയുടെ പ്രതിഷേധത്തിന് കാരണമെന്ന് കരുതുന്നു.

കോഴിക്കോടും കൊയിലാണ്ടിയിലും ഔദ്യോഗിക പരിപാടികളുണ്ടെന്ന വിശദീകരണമാണ് ഇറങ്ങിപ്പോകുന്നതിനു മുന്‍പ് മുല്ലപ്പള്ളി നല്‍കിയത്. യുഡിഎഫ് നേതാക്കളുടെ യോഗത്തിലും എംപി വീരേന്ദ്രകുമാര്‍ സംഘടിപ്പിക്കുന്ന സത്കാരത്തിലും പങ്കെടുക്കില്ലെന്നും മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്.

അതേസമയം, സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ്- എസ്ജെഡി യോഗം ഇന്ന് വീരേന്ദ്രകുമാറിന്റെ വസതിയില്‍ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം സുധീരനും ചര്‍ച്ചയില്‍ പങ്കെടുക്കും.

വയനാട് അല്ലെങ്കില്‍ വടകര എന്ന വാദത്തിലാണ് തുടക്കം മുതല്‍ എസ്ജെഡി ഉറച്ചുനിന്നത്. എന്നാല്‍ വടകരയിലാണ് എസ്.ജെ.ഡി പിടിമുറുക്കിയിരിക്കുന്നത്.