ലൈംഗിക പീഡനക്കേസില്‍ അദ്ധ്യാപകന്‍ പിടിയില്‍

Webdunia
ചൊവ്വ, 1 ഒക്‌ടോബര്‍ 2013 (16:09 IST)
PRO
വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരാമ്പ്ര ആവള മലയില്‍ കമാലുദ്ദീന്‍ എന്ന 43 കാരനായ അദ്ധ്യാപകനാണ്‌ ഇതോടനുബന്ധിച്ച് പൊലീസ് പിടിയിലായത്.

ഈ അദ്ധ്യയന വര്‍ഷം മുതല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ട വെങ്ങപ്പൊറ്റ സര്‍ക്കാര്‍ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളാണ്‌ പീഡനത്തിനിരയായത്. 20 ഓളം കുട്ടികള്‍ സ്കൂള്‍ ജാഗ്രതാ സമിതിക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. ജാഗ്രതാ സമിതിയും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സ്കൂള്‍ പ്രധാനാദ്ധ്യാപകനു പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനെ തുടര്‍ന്ന് ഒരു രക്ഷിതാവ് പെരാമ്പ്ര പൊലീസില്‍ പരാതി നല്‍കുകയാണുണ്ടായത്. കുറ്റക്കാരനായ അദ്ധ്യാപകനെ സ്കൂള്‍ മാനേജ്‍മെന്‍റ് രക്ഷിക്കുന്നു എന്നാരോപിച്ച് രക്ഷിതാക്കളും നാട്ടുകാരും സ്കൂള്‍ ഉപരോധിച്ചു. ഇതിനെ തുടര്‍ന്ന് പൊലീസ് സ്കൂളിലെത്തി അദ്ധ്യാപകനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പെരാമ്പ്ര സി.ഐ വി.വി.ലതീഷ്, എസ്.ഐ കെ.റ്റി.ശ്രീനിവാസന്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ്‌ കമാലുദ്ദീനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.