ലാവ്‌ലിന്‍: സി പി എം യോഗം ചേരുന്നു

Webdunia
വ്യാഴം, 22 ജനുവരി 2009 (12:17 IST)
സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനെ എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ സി ബി ഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത നടപടി എങ്ങനെ നേരിടുമെന്ന് ആലോചിക്കുന്നതിനായി സി പി എം ഇന്ന് അവൈലബിള്‍ പൊളിറ്റ്ബ്യൂറോ യോഗം ചേരുന്നു. ബുധനാഴ്ചയാണ് ലാവ്‌ലിന്‍ കേസില്‍ പിണറാ‍യിയെ പ്രതിയാക്കിക്കൊണ്ട് സി ബി ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പി ബിയും സംസ്ഥാന സെക്രട്ടേറിയേറ്റും യോഗം ചേരുകയാണ്. പ്രകാശ്‌ കാരാട്ട്‌, വൃന്ദ കാരാട്ട്‌, രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി എന്നിവരാണ്‌ പി ബി യോഗത്തില്‍ പങ്കെടുക്കുന്നത്‌.

സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ യോഗത്തില്‍ നിന്ന് വിട്ടു നില്ക്കുന്നത് ശ്രദ്ധേയമാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സി പി എമ്മിനെ ഒതുക്കുന്നതിനു വേണ്ടിയാണ് ലാവ്‌ലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നതെന്ന് പര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന്‍റെ പ്രതികാരമാണ് ഇതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ആരോപിച്ചിരുന്നു.