ലാവ്‌ലിന്‍ ചര്‍ച്ച ചെയ്യണമായിരുന്നു: സി പി ഐ

Webdunia
ഞായര്‍, 31 മെയ് 2009 (15:26 IST)
എസ് എന്‍ സി ലാവ്‌ലിന്‍ കേസ് സി പി ഐ ചര്‍ച്ച ചെയ്യേണ്ടതായിരുന്നുവെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. രണ്ടുദിവസം നീണ്ടുനിന്ന സി പി ഐ സംസ്ഥാന കൌണ്‍സിലിന്‍റെ രണ്ടാം ദിവസമാണ് ബര്‍ദന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ലാവ്‌ലിന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് എടുക്കാതിരുന്നത് ശരിയായില്ല. സ്വന്തം നിലപാട്‌ എടുത്താല്‍ അത്‌ ഇടതുമുന്നണിയെ ബാധിക്കുമെന്ന ധാരണ തെറ്റാണ്‌. പി ഡി പി ബന്ധം ഇടതു മുന്നണിയുടെ പ്രതിച്‌ഛായയെ ബാധിച്ചുവെന്നും ബര്‍ദന്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ലാവ്‌ലിന്‍ കേസ്‌ എല്‍ ഡി എഫിന്‍റെ പ്രതിച്‌ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്ന്‌ സി പി ഐ സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച തെരഞ്ഞെടുപ്പ്‌ അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നതായി സൂചനകളുണ്ട്.

സംസ്ഥാന കൌണ്‍സിലിന്‍റെ ആദ്യദിവസമായിരുന്ന ഇന്നലെ ഭൂരിപക്ഷം പേരും നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. പൊന്നാനി സീറ്റിന്‍റെ കാര്യത്തില്‍ വിട്ടു വീഴ്ച പാടില്ലെന്ന സംസ്ഥാന കൌണ്‍സിലിന്‍റെ തീരുമാനം ലംഘിച്ചതും, മുന്‍ യു പി എ സര്‍ക്കാരില്‍ ഇടതുപക്ഷം ചേരാതിരുന്നത് അബദ്ധമായെന്നും സംസ്ഥാന കൌണ്‍സില്‍ വിലയിരുത്തി.